കൊച്ചി: മാസം മൂന്നു കഴിഞ്ഞിട്ടും രണ്ടു കിലോമീറ്റർ കുടിവെള്ള പൈപ്പിടൽ തീർന്നിട്ടില്ല. നടുവിൽ വരെ കുത്തിപ്പൊളിച്ച റോഡ് വീണ്ടും ടാർ ചെയ്തിട്ടില്ല. രൂക്ഷമായ പൊടിശല്യത്തിൽ വലഞ്ഞ് നൂറുകണക്കിന് വീട്ടുകാരും കടകളും. കൂനിന്മേൽ കുരു പോലെ കാന പണിയും. പ്രതിഷേധിച്ചിട്ടും കുലുങ്ങാതെ അധികാരികൾ. എറണാകുളം എസ്.ആർ.എം റോഡ് നിവാസികളുടെ ഗതികേടാണിത്.
കുടിവെള്ള പൈപ്പുകൾ മാറ്റിയിടാൻ വാട്ടർ അതോറിറ്റി പണി തുടങ്ങിയത് കഴിഞ്ഞ ഡിസംബറിൽ. ശാസ്താ ടെമ്പിൽ മുതൽ പച്ചാളം പമ്പ് ഹൗസ് വരെ നീളുന്നതാണ് പൈപ്പിടൽ. റോഡ് വെട്ടിപ്പൊളിച്ചാണ് പൈപ്പിടൽ. മാസം പലതു കഴിഞ്ഞെങ്കിലും പണി ഇതുവരെ തീർന്നിട്ടില്ല. വലിയ പൈപ്പാണ് ഇടുന്നത്. ഒരു ദിവസം ഒരു പൈപ്പ് വീതമാണ് ഇടുന്നത്. കുത്തിപ്പൊളിച്ച റോഡിൽ ഗതാഗതവും കുഴങ്ങിയ സ്ഥിതിയിലാണ്.
# പരാതികൾ ആരു കേൾക്കാൻ
വാട്ടർ അതോറിറ്റിയുടെ പള്ളിമുക്ക്, കലൂർ സെക്ഷനുകളിൽ രേഖാമൂലം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഫെബ്രുവരി പകുതിയോടെ പണി തീർത്ത് റോഡ് തിരികെ നൽകുമെന്നാണ് നഗരസഭാ അധികൃതരും കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളോട് അറിയിച്ചിരുന്നത്. റോഡ് വിട്ടുകിട്ടാതെ പണിയാൻ കഴിയില്ലെന്നാണ് വിശദീകരണം. അതിനിടെ പൊതുമരാമത്ത് വകുപ്പും റോഡ് പരിശോധിച്ചു. ആധുനികരീതിയിൽ ടാറിംഗ് നടത്താനാണ് നീക്കം. നടപടി പൂർത്തിയാക്കി കരാർ നൽകി പണി തീർക്കാൻ ഒന്നര മാസമെങ്കിലും വേണ്ടിവരും.
# കുടിവെള്ളവും നൂലുപോലെ
വലിയ പൈപ്പിടുമ്പോൾ വിതരണ പൈപ്പുകൾ പൊട്ടുന്നതും പതിവായി. ഇതുമൂലം പലയിടത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. ദിവസങ്ങളായി വെള്ളം കിട്ടാത്ത പ്രദേശങ്ങളുമുണ്ട്. ലഭിച്ചാലും അളവും കുറവാണ്. 43, 44 ഡിവിഷനുകളിലാണ് പ്രശ്നം രൂക്ഷം.
# കാന പണിയും ദുരിതം
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആവിഷ്കരിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം എസ്.ആർ.എം റോഡിൽ കാനനവീകരണവും ആരംഭിച്ചത് ദുരിതം ഇരട്ടിപ്പിച്ചു. ആംബുലൻസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ ഇതോടെ ഗതാഗതക്കുരുക്കും പതിവായി.
# സമരം ശക്തമാക്കും
അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് ഫലമുണ്ടായില്ല. കഴിഞ്ഞ ആയാഴ്ച പ്രകടനവും യോഗവും നടത്തിയെങ്കിലും അനക്കമില്ല. വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ പ്രതിഷേധസമരം നടത്താനാണ് ആലോചിക്കുന്നത്.
എ. പൗലോസ്,സെക്രട്ടറി റെഡിസന്റ്സ് അസോ. ഐക്യവേദി