കിഴക്കമ്പലം: ജൈവ കരിമ്പു കൃഷിയിൽ നൂറുമേനി കൊയ്യാനൊരുങ്ങി കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. പത്തേക്കറോളം തരിശു പാടത്ത് പരീക്ഷണാർത്ഥം തുടങ്ങിയ കരിമ്പു കൃഷിയാണ് വിളവെടുപ്പിന് തയാറായിരിക്കുന്നത്. ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് എന്നീ വാർഡുകളിലായിരുന്നു കൃഷിയിറക്കിയത്. തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയെടുക്കുകയായിരുന്നു ഇവർ.മാളിയേക്കമോളം വാർഡിൽ കരിമ്പ് കൃഷിക്കൊപ്പം വിജയകരമായി മത്സ്യ കൃഷിയുമുണ്ട്. പ്രളയത്തിൽ കൃഷി നശിച്ച് പ്രതിസന്ധിയിലായ വനിതാ കർഷകർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് കരിമ്പു കൃഷി. പ്രളയം മൂലം ഈ പ്രദേശത്തെ വാഴ, പയർ കൃഷികൾ വൻതോതിൽ നശിച്ചതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. നഷ്ടസാധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴപ്പത്തിനിടെയാണ് കരിമ്പു കൃഷി എന്ന ആശയം ഉദിച്ചത്.
കൂടുതൽ വിളവെടുക്കാമെന്നാണ് പ്രതീക്ഷ
ട്വന്റി 20 വിത്തും വളവും ലഭ്യമാക്കിയതോടെയാണ് ഒരു പരീക്ഷണത്തിനു ധൈര്യം ലഭിച്ചത്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും തങ്ങളുടെ കൂട്ടായ്മയുടെ പരിശ്രമം ഇപ്പോൾ വിജയം കണ്ടിരിക്കുകയാണ്. ന്യായ വില ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഈ കൃഷി ഒരിക്കലും നഷ്ടമല്ല. പൂർണമായും ജൈവ വളങ്ങൾ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തവണ വിളവെടുക്കാമെന്നാണ് പ്രതീക്ഷ
ഡെയ്‌സി ജോസ്, മാളിയേക്കമോളം കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി
ശർക്കര കർഷകർക്ക് ന്യായവില
നൽകി ഏറ്റെടുക്കും
ജൈവ രീതിയിൽ കൃഷി ചെയ്ത് കരിമ്പിൽ നിന്ന് മായമില്ലാത്ത ശർക്കര ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കിഴക്കമ്പലത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്ന ശർക്കര കർഷകർക്ക് ന്യായ വില നൽകി ഏറ്റെടുക്കുകയും ഇത് ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ കിഴക്കമ്പലത്തെ ജങ്ങൾക്കു തന്നെ ലഭ്യമാക്കും. ഭാവിയിൽ കരിമ്പു കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കുവാനാണ് ട്വന്റി20 ലക്ഷ്യമിടുന്നത്.
സാബു എം.ജേക്കബ്, ട്വന്റി20 ചീഫ് കോർഡിനേറ്റർ