കോലഞ്ചേരി: 'ആളൊഴിഞ്ഞ കസേര 'കർഷകരെ വലയ്ക്കുന്നു. പൂതൃക്ക കൃഷിഭവനിലെ അസിസ്റ്റൻഡ് കൃഷി ഓഫീസർ തസ്തികയാണ് നാളുകളായി ഉദ്യോഗസ്ഥൻ വരാത്തതിനാൽ ആളില്ലാ കസേരയായി മാറിയിരിക്കുന്നത്. ഈ പോസ്റ്റിലേയ്ക്ക് ഒരാളെ നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു മാസമായി ജോലിക്കെത്തിയിട്ടില്ല. നൂറ് ശതമാനം കാർഷിക വൃത്തിയിലുള്ള പഞ്ചായത്താണ് പൂതൃക്ക .ഇതിനോടകം പഞ്ചായത്തിലെ തരിശായി കിടന്ന ഭൂരിഭാഗം പാടങ്ങളിലും നെൽകൃഷി നടത്തി പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. ഭൂരിഭാഗം ആളുകളും കൃഷിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഇവിടെ കൃഷി വകുപ്പിന് വളരെ പ്രാധാന്യവുമുണ്ട്. ഇത്തവണ 140 ഹെക്ടർ നെൽകൃഷി ചെയ്തിട്ടുണ്ട് . നല്ല തിരക്കുള്ള ഇവിടുത്തെ അസിസ്റ്റൻന്റ് കൃഷി ഓഫീസർ കസേരയാണ് മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്നത്. ഇത് കൃഷി ഓഫീസിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. കൃഷി ഓഫീസർ, അസിസ്റ്റൻഡ് കൃഷി ഓഫീസർ, അഗ്രികർച്ചർ അസിസ്റ്റന്റ് ഗ്രേഡ് (1) ,ഗ്രേഡ് (2) ,പാർട്ട് ടൈം സ്വീപ്പർ തുടങ്ങി 5 പേരാണ് പൂതുക്ക കൃഷി ഭവനിലുളളത്. ഇതേ കുറിച്ച് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും തീരുമാനമായില്ല. ഇക്കാര്യത്തിൽ ഉടനടി നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെയും പൊതു പ്രവർത്തകരുടേയും ആവശ്യം.