കൊച്ചി: ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പിനെ തുടർന്ന് ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് 24 കോടിയോളം രൂപ ചെലവഴിക്കാനുള്ള നീക്കത്തിൽ നിന്ന് മേയർ സൗമിനി ജെയിൻ തത്ക്കാലം പിൻമാറി. വിഷയം ആരോഗ്യസ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് വിടാൻ ഇന്നലെ നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ബ്രഹ്മപുരം പ്ളാന്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ 14 അജണ്ടകളാണുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാ അജണ്ടകളും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു.
കഴിഞ്ഞ കൗൺസിലിലും വിവാദമായി
മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് വേണ്ടത്ര യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് അജണ്ടയായി പ്രത്യക്ഷപ്പെട്ടത്. ആരോഗ്യ,ധനകാര്യ സമിതികളുടെ അറിവില്ലാതെയാണ് അജണ്ട യോഗത്തിൽ വന്നതെന്നും കമ്പനിക്ക് അനുകൂലമായ രീതിയിൽ ഉദ്യോഗസ്ഥർ വ്യവസ്ഥകൾ ലഘൂകരിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.
വിളിച്ചത് രണ്ട് ടെൻഡറുകൾ
ബ്രഹ്മപുരത്തെ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്നാണ് മാലിന്യ നീക്കത്തിനായി കോർപ്പറേഷൻ താൽപര്യപത്രം ക്ഷണിച്ചത്. 2019 ഫെബ്രുവരി 21 ന് നോട്ടിഫിക്കേഷൻ നൽകിയെങ്കിലും ആരും ടെൻഡറിൽ പങ്കെടുത്തില്ല. പിന്നീട് 2019 ആഗസ്റ്റിൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഇതിൽ പങ്കെടുത്ത ഏക കമ്പനിയായ തമിഴ്‌നാട് ഈറോഡിലുള്ള നെപ്റ്റൂൺ ഓട്ടോമേഷൻ എന്ന സ്ഥാപനത്തിനാണ് കരാർ നൽകാൻ നീക്കം നടന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് അടുത്ത കൗൺസിലിൽ ചർച്ച ചെയ്യുന്നതിനായി വിഷയം മാറ്റിവച്ചു.
അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം
ഒരു ഘനമീറ്റർ മാലിന്യം നീക്കം ചെയ്യാൻ 597 രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. ബ്രഹ്മപുരത്ത് 2.63 ലക്ഷം ഘനമീറ്റർ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്.ഇത്രയും മാലിന്യം നീക്കം ചെയ്യാൻ 24 കോടിയോളം രൂപ കമ്പനിക്ക് പ്രതിഫലമായി നൽകണമെന്നും മേയറുടെയും സെക്രട്ടറിയുടെയും മാത്രം അറിവോടെ രൂപീകരിച്ച ഈ പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും പ്രതിപക്ഷ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് ഇന്നലെയും ആരോപണം ഉയർത്തി.
എ.ബി സാബു ഉൾപ്പെടെയുള്ളവർ ശക്തമായി വിയോജിപ്പ് അറിയിച്ചതോടെ വിഷയം പഠിച്ച് ടെൻഡർ റദ്ദാക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തുന്നതായി മേയർ അറിയിച്ചു.