കൊച്ചി : മരടിലെ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള ദൂരപരിധി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഐ.ജിയുടെയും റീജിയണൽ ഫയർ ഒാഫീസറുടെയും സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി ഇന്നുതന്നെ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകാനും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. ആൾക്കൂട്ടത്തിൽ നിന്ന് 100 മീറ്റർ അകലം പാലിച്ചു വെടിക്കെട്ടു നടത്താൻ കഴിയുമോയെന്നതാണ് ദൂരപരിധി പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ദൂരപരിധി നിയമം പാലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇൗ റിപ്പോർട്ടും ഇന്നു നൽകുന്ന പരിശോധനാ റിപ്പോർട്ടിനൊപ്പം നൽകണമെന്ന് ദേവസ്വംബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ മരട്, പൂണിത്തുറ എൻ.എസ്.എസ് കരയോഗങ്ങൾ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
മാർച്ച് അഞ്ച്, ആറ് തീയതികളിലാണ് വെടിക്കെട്ട് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ഡിസംബറിൽ നൽകിയ അപേക്ഷയിൽ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ട് അപേക്ഷ തീർപ്പാക്കാൻ നിർദ്ദേശിച്ചപ്പോൾ ദൂരപരിധി നിയമം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതിനെ ചോദ്യംചെയ്താണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള കരയോഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.