കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഓഹരി വില്പനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എ.ഐ.ടി.യു.സി. ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.എൽ.ഐ.സിയുടെ സ്വകാര്യവത്കരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യതാൽപര്യത്തിന് വിരുദ്ധമായ ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 11 രാവിലെ 10ന് എറണാകുളത്ത് എൽ.ഐ.സി കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഐ.സി സംരക്ഷണ സദസ് സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു, ജില്ലാ സെക്രട്ടറി കെ.എൻ ഗോപി എന്നിവർ പ്രസംഗിക്കും.