# അൻവറും ഭാര്യയും ഒളിവിൽ,പ്രതിയുടെ ഭാര്യയുടെ പേരിലും പണം കൈമാറി
തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സി.പി.എം തൃക്കാക്കര ലോക്കൽ കമ്മറ്റി അംഗം എം.എം അൻവർ ഭാര്യയുടെ പേരിലും പണം കൈമാറിയതായി ക്രൈം ബ്രാഞ്ച് സംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്നും കാക്കനാട് എച്ച്.ഡി.എഫ്.സി ബാങ്കിലെഅൻവറിന്റെ ഭാര്യയുടെ പേരിലുളള അക്കൗണ്ടിലേക്ക് നവംബർ 29 ന് 49999 രൂപ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗമാണ് അൻവറിന്റെ ഭാര്യ.കേസിൽ തൃക്കാക്കരയിലെ മറ്റൊരു സി.പി.എം ലോക്കൽ കമ്മറ്റി അംഗവും ഭാര്യയുംപ്രതികളാകുമെന്ന് സൂചനയുണ്ട്.കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഈ നേതാവിന്റെ വീട്ടിലെത്തി. ദേന ബാങ്കിന്റെ കാക്കനാട് ശാഖയിൽ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തിയതായി നേതാവ് പറഞ്ഞു. .വിഷ്ണുവിനെ നേരിട്ട് അറിയില്ലെന്ന് ഇയാൾ പറഞ്ഞു. . കേസിൽ മറ്റൊരു പ്രതിയായ മഹേഷും കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.അദ്ദേഹമാണ് അക്കൗണ്ട് നമ്പർ ചോദിച്ചത്.പണം ബാങ്കിലെത്തി ഉടൻ മഹേഷ് നേരിട്ട് ബാങ്കിൽ വന്ന് പണം പിൻവലിക്കുകയായിരുന്നുവെന്ന് നേതാവിന്റെ ഭാര്യ മൊഴി നൽകി.
തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നതായി ഇവർ പറഞ്ഞു.. ഇതോടെ ഫണ്ട് തട്ടിയെടുത്ത കേസിൽ കൂടുതൽ രാഷ്ട്രീയ നേതാക്കൾ കുടുങ്ങിയേക്കുമെന്ന് ഉറപ്പായി. ദുരിതാശ്വാസ ഫണ്ട് അനർഹമായി കൈപ്പറ്റിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയിരുന്നു.അറസ്റ്റിലായ സെക് ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിന്റെ അടുത്ത സുഹൃത്തായ മഹേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം കൈമാറിയതിന്റെ രേഖകൾ കണ്ടെത്തിയതായാണ് സൂചന.