തോപ്പുംപടി: സി.ബി.എസ്.ഇ.അംഗീകാരമില്ലാത്ത തോപ്പുംപടി അരൂജാസ് സ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷ എഴുതാൻ കോടതിവിധി വന്നതിന്റെ ആഹ്ളാദത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
എന്നാൽ ഒരു കുട്ടിയിൽ നിന്നും പ്രതിമാസം കനത്ത ഫീസ് വാങ്ങി വിദ്യാർത്ഥികളെ സ്കൂൾ അധികാരികൾ അഫിലിയേഷൻ ഉണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പല രക്ഷിതാക്കളും എട്ടാംക്ളാസ് മുതൽ ഇവിടെ നിന്ന് കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ നോക്കിയെങ്കിലും അംഗീകാരം കിട്ടുമെന്ന് പറഞ്ഞ് സ്കൂൾ മാനേജ്മെന്റ് കുട്ടികളെ പിടിച്ചുനിർത്തുകയായിരുന്നു. എൽ.കെ.ജി. മുതൽ ഒൻപതാംക്ളാസ് വരെയുള്ള കുട്ടികളെ രക്ഷിതാക്കൾ അടുത്ത അദ്ധ്യയനവർഷം പുതിയ സ്ക്കൂളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.
# സ്കൂൾ മാനേജ്മെന്റ്
പ്രതിനിധികൾക്ക് ജാമ്യം
അതേസമയം വഞ്ചനാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മാനേജ്മെന്റ് പ്രതിനിധികളായ മാഗി അരൂജ, മെൽവിൻ ഡിക്രൂസ് എന്നിവർക്ക് കോടതി ജാമ്യം നൽകി. സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് ഇവർ പറയുന്നത്. പൊലീസ് പിടിച്ചുവെച്ച സ്കൂൾ രജിസ്റ്റർ ഇന്നലെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിട്ടുകൊടുത്തു.