നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാല് കേസുകളിലായി 2.31 കോടി രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) പിടികൂടി. ദമ്പതിമാരിൽ നിന്നടക്കം നാല് പേരിൽ നിന്നുമായി 4.3 കിലോ സ്വർണവും വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോ സ്വർണവുമാണ് ഡി.ആർ.ഐ.പിടികൂടിയത്.
എയർഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്നുമെത്തിയ മലപ്പുറം കൊണ്ടോട്ടി തുറക്കൽ അസരിതോടിക്ക സെയ്ത് അലവി, ഭാര്യ ഫാത്തിമ സുഹറ, മുഹമ്മദ് ഹിഷാം അസരിതോടിക്ക എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.550 കിലോ സ്വർണമാണ് പിടികൂടിയത്. മൂവരും സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവർക്കൊപ്പം മറ്റൊരു ദമ്പതികളെയും കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ സ്വർണമില്ലെന്ന് ബോദ്ധ്യമായതിനെ തുടർന്ന് വിട്ടയച്ചു.
ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലും അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും എത്തിയ മലപ്പുറം മടത്തിൽ മുഹമ്മദ് മുബാഷിർ, കളത്തിപ്പറമ്പിൽ അബ്ദുൾ മനാഫ് എന്നിവരിൽ നിന്നും 1.750 കിലോ സ്വർണം പിടികൂടി. ഇരുവരും മലദ്വാരത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. നാല് പേരും സ്വർണം മിശ്രിതരൂപത്തിലാക്കിയാണ് കടത്തികൊണ്ടുവന്നത്. ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശൗചാലയത്തിലാണ് 1.050 കിലോ തൂക്കം വരുന്ന സ്വർണച്ചെയിൻ ഒളിപ്പിച്ചിരുന്നത്. സ്‌പൈസ് ജെറ്റ് വിമാനം ദുബായിൽ നിന്ന് കൊച്ചിയിലെത്തി തുടർന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേയ്ക്കാണ് പോകുന്നത്.