14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക് ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണുപ്രസാദിനെ മുവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.ഇന്നലെ ഉച്ചയോടെയാണ് ക്രൈം ബ്രാഞ്ച് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയത്.കോടതിയിൽ വിഷ്ണുവിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പൊലീസ് എതിർത്തു.കേസിലെ രണ്ടും -മൂന്നും പ്രതികൾ ഒളിവിലാണെന്നും,അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ വിഷ്ണുവിനെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം ബോധിപ്പിച്ചു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി.കേസിലെ രണ്ടും മൂന്നും പ്രതികളായ മഹേഷുംഅൻവറും,അൻവറിന്റെ ഭാര്യയും ഒളിവിലാണ്.ഇവർക്കായുളള തിരച്ചിൽ ഊർജിതമാക്കി.

ലാപ്ടോപ്പ് പിടിച്ചെടുത്തു

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദിന്റെ മാവേലിപുരത്തുളള വീട്ടിൽ ഇന്നലെ രാവിലെ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം വിഷ്ണുവുമായി വീട്ടിലെത്തിയത്.ഒരുമണിക്കൂറോളം നീണ്ട പരിശോധനയിൽ വിഷ്ണു ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും, ചില ഫയലുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.ഇന്നലെ അന്വേഷണ സംഘം കളക്ടറിൽ നിന്നും ,
എ.ഡി.എമ്മിൽ നിന്നും പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.കളക്ടറേറ്റിലെ അക്കൗണ്ട് വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പണം കൈമാറിയതിന്റെ തെളിവുകൾ കണ്ടെത്തി.ഇന്നലെ വൈകീട്ട് ആറുമണിയോടെ ഫിനാൻസ് ഓഫീസർ ജി.ഹരികുമാർ,അസി.ജില്ലാ ഇൻഫോമാറ്റിക്ക് ഓഫീസർ ജോർജ് ഈപ്പൻ എന്നിവരെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. തട്ടിപ്പ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.