കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ നിരീക്ഷണത്തിൽ കഴിയവെ മുങ്ങിയ യുവാവ് തിരികെയെത്തി. മലേഷ്യയിൽ നിന്നെത്തിയ ആലുവ മുപ്പത്തടം സ്വദേശിയാണ് തിങ്കളാഴ്ച അർദ്ധരാത്രി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽനിന്ന് മുങ്ങി ആശങ്ക സൃഷ്ടിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് വിവരമറിയിച്ചതനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്കും പൊലീസിനും വിവരം കൈമാറി. പത്തു മണിക്കൂറിലേറെ അധികൃതരെ ആശങ്കയിലാക്കിയ 25 കാരൻ തിരികെയെത്തി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ റിപ്പോർട്ട് ചെയ്തു. ഇയാൾ നിരീക്ഷണത്തിലാണ്.

സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെയുള്ള ഐസൊലേഷൻ വാർഡിൽ നിന്ന് യുവാവ് പുറത്തുപോയത് സുരക്ഷാവീഴ്ചയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും മറ്റുമുൾപ്പെടെയുള്ള വാർഡിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോയത് ആരും കാണാതിരുന്നത് വീഴ്ചയായും വിലയിരുത്തപ്പെടുന്നു.

25 പേർ കൂടി നിരീക്ഷണത്തിൽ

കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ 25 പേരെ കൂടി നിരീക്ഷണത്തിൽ ആക്കി. നിരീക്ഷണ പട്ടികയിൽ നിന്നു ആരെയും ഒഴിവാക്കിയിട്ടില്ല. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ രണ്ടുപേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിലവിൽ 103 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആലപ്പുഴ എൻ.ഐ.വിയിലേക്ക് 4 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം കൊറോണയെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിച്ച് കൺട്രോൾ റൂമിലേക്ക് വിളികളെത്തുന്നത് തുടരുകയാണ്. ഖത്തർ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് യാത്ര പോകാമോ, പോകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ, അമേരിക്ക, ഇസ്രായേൽ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമോ എന്നുമൊക്കെയായിരുന്നു സംശയങ്ങൾ. കൺട്രോൾ റൂം നമ്പർ: 0484 2368802.