jentu-bai
മാണിക്ക് ഭായി എന്ന് വിളിക്കുന്ന ജെന്റു ഷേക്ക്

ആലുവ: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് വിളിക്കുന്ന ജെന്റു ഷേക്കിനെയാണ് (24) ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

ബംഗാളിൽ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ചശേഷം സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്നിവിടങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. നാട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവരുന്ന ഉടനെ തന്നെ പലതായി ഭാഗിച്ച് ഇയാൾ സഹായികളെ വില്പനയ്ക്ക് ഏൽപ്പിക്കുന്നതായിരുന്നു രീതി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ സഹായിയായ അന്യസംസ്ഥാനക്കാരനെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ജന്റു ഷേക്ക് കഞ്ചാവുമായി പശ്ചിമബംഗാളിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. ഇയാൾ ട്രെയിൻമാർഗം പാലക്കാടോ തൃശൂരോ ഇറങ്ങി അവിടെനിന്ന് ബസിൽ പെരുമ്പാവൂർ വഴിയാണ് എടത്തലയിലെ താമസസ്ഥലത്ത് എത്തുന്നതെന്ന് മനസിലാക്കിയ എക്സൈസ് സംഘം മഫ്തിയിൽ എടത്തല കെ.എം.ഇ.എ കോളേജിന് സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എ. വാസുദേവൻ, എം.കെ. ഷാജി, വി.എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്, വികാന്ത്, ധന്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.