കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിന് കരാറുകാർക്ക് മുൻകൂർ തുക നൽകിയത് മുൻ പൊതുമാരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിർദ്ദേശിച്ച പ്രകാരമാണെന്ന് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ആവർത്തിച്ചു. പാലംപണിത ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകിയത് മന്ത്രി നിർദ്ദേശിച്ച പ്രകാരമാണെന്ന് വിജിലൻസ് ചോദ്യംചെയ്യലിൽ സൂരജ് ആവർത്തിച്ചു.
വിജിലൻസ് കോട്ടയം എസ്.പി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി ഓഫീസിലാണ് സൂരജിനെ ചോദ്യം ചെയ്തത്. സൂരജ് ഹൈക്കോടതിയിൽ നൽകിയ മൊഴി പ്രകാരമാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തത്.
കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് ഫയലിൽ ഒപ്പിട്ടിരുന്നതായി ചോദ്യം ചെയ്യലിനുശേഷം സൂരജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.