ആലുവ: ആലുവയിൽ പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു. വേനലവധി കാലത്ത് നിലവിലെ കോടതി പുതിയ വാടകസ്ഥലത്തേയ്ക്ക് മാറ്റാനാണ് തീരുമാനം. താത്കാലികമായി കോടതി പ്രവർത്തിക്കുന്നതിനായി ആലുവ മാർക്കറ്റിന് സമീപമുള്ള കെട്ടിടമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് ഉറപ്പിച്ചിട്ടില്ല. ആലുവയിൽ പുതുതായി അനുവദിച്ച പോക്‌സോ കോടതിയും വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. ആലുവ സീനത്ത് ജംഗ്ഷനിലാണ് ഇതിന് അനുയോജ്യമായ മുറി കണ്ടെത്തിയിരിക്കുന്നത്. ജില്ലാ കോടതി അധികൃതർ കഴിഞ്ഞ ദിവസമെത്തി വാടകമുറി നേരിൽകണ്ടു.
രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുനിസിഫ് കോടതിയുമാണ് നിലവിൽ ആലുവ കോടതിയിൽ പ്രവർത്തിക്കുന്നത്. നിർദ്ദിഷ്ട കോടതി കെട്ടിട സമുച്ചയത്തിൽ കൂടുതൽ വിഭാഗങ്ങളിലെ കോടതികൾക്കുള്ള സൗകര്യം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവിലുള്ള കോടതിയും ക്വാർട്ടേഴ്‌സും പ്രവർത്തിക്കുന്ന 85 സെന്റ് സ്ഥലത്താണ് പുതിയ കോടതി ഉയരുക. എൺപതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള അഞ്ചുനില കെട്ടിട സമുച്ചയമാണിത്. മജിസ്‌ട്രേട്ടുമാർക്കായി ഫ്‌ളാറ്റ്മാതൃകയിൽ ക്വാർട്ടേഴ്‌സും നിർമ്മിക്കും. 12 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.