കൊച്ചി: സ്‌കൂട്ടർ യാത്രികനായ യുവാവ് കണ്ടെയ്‌നർ ലോറിയിടിച്ച് മരിച്ചു. ഫോർട്ട് വൈപ്പിൻ കുരിശിങ്കൽ ജോസഫ് ആന്റണിയുടെ മകൻ സാമുവൽ ജോസഫ് (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വല്ലാർപാടം ഡി.പി. വേൾഡിന്റെ രണ്ടാം ഗെയ്റ്റിന് സമീപത്താണ് അപകടമുണ്ടായത്.
കണ്ടെയ്‌നർ ലോറിയും സ്‌കൂട്ടറും വൈപ്പിൻ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ റോഡരികിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടനെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ ഇടിച്ചശേഷം മുന്നിൽ പോകുകയായിരുന്ന മറ്റൊരു കണ്ടെയ്‌നറിലിടിച്ചാണ് വാഹനം നിന്നത്. മുളവുകാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കണ്ടെയ്‌നർ ലോറി ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അമ്മ : ഷിജി, സഹോദരി: സോഫിയ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഫോർട്ട് വൈപ്പിന് പ്രത്യാശമാതാ പള്ളിയിൽ.