കൊച്ചി: ഇറ്റാലിയൻ കപ്പലിൽ കൊച്ചിയിലിറങ്ങിയ വിനോദസഞ്ചാരികളെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പരിശോധനയ്ക്ക് വിധേയരാക്കി. ചൊവ്വാഴ്ച വൈകിട്ടെത്തിയ കപ്പൽ ഇന്നലെ രാവിലെ ദുബായിലേക്ക് പോയി.
ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത കോസ്റ്റ വിക്ടോറിയ മുംബയിൽ നിന്നാണ് കൊച്ചിയിലെത്തിയത്. 305 ഇന്ത്യക്കാർ ഉൾപ്പെടെ 459 യാത്രക്കാരുണ്ട്. കൊച്ചിയിൽ യാത്ര അവസാനിപ്പിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് വിമാനമാർഗം പോകാൻ ഇറങ്ങിയവരെയാണ് പരിശോധിച്ചത്.
കേന്ദ്ര ആരോഗ്യ വകുപ്പ് നിയോഗിച്ച രണ്ടു ഡോക്ടർമാരും 16 ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. പനി, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയാണ് പരിശോധിച്ചതെന്ന് തുറമുഖ അധികൃതർ അറിയിച്ചു. വിദേശികളാരും കൊച്ചിയിൽ ഇറങ്ങിയില്ലെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
സഞ്ചാരികളുമായി ലോകം ചുറ്റുന്ന കോസ്റ്റ വിക്ടോറിയ നിരവധി തവണ കൊച്ചിയിലെത്തിയിട്ടുണ്ട്.