കൊച്ചി: റെയിൽവേയിലെ ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചു മാസം. യാത്രക്കാർക്ക് വെള്ളവും ബെഡ് റോളുമെത്തിക്കുന്ന തൊഴിലാളികളുടെയും സ്ഥിതി ഇതുതന്നെ. റെയിൽവേ ട്രാക്കുമായി ബന്ധപ്പെട്ട അടിയന്തര ജോലികൾ വരെ മുടങ്ങുന്നു.
എറണാകുളം - മുളന്തുരുത്തി പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞ് ട്രെയിൻ ഓടിത്തുടങ്ങിയിട്ട് പത്തു വർഷം കഴിഞ്ഞു. ട്രാക്കിന്റെ ജോലി ചെയ്ത കരാറുകാരന് 18 ലക്ഷം രൂപ ഇപ്പോഴും കുടിശികയാണ്. ചെങ്ങന്നൂർ - ചിങ്ങവനം ട്രാക്കിന്റെ ജോലി ഏറ്റെടുത്ത കരാറുകാരനും റെയിൽവേ ഇതുവരെ പണം നൽകിയിട്ടില്ല.
ശുചീകരണം, ട്രാക്ക് പ്രവൃത്തി തുടങ്ങി ഭൂരിഭാഗം ജോലികളും ഇപ്പോൾ കരാറാണ്. കേരളത്തിൽ നൂറോളം കരാറുകാരുണ്ട്. പണം നൽകാതെ റെയിൽവേ തങ്ങളെ വലയ്ക്കുകയാണെന്ന് ഇവർ പറയുന്നു.
# കരാറുകാർ കടക്കെണിയിൽ
മാസങ്ങളായി കരാറുകാർക്ക് ബിൽ തുക ലഭിക്കുന്നില്ല. സമ്മർദം മൂലം പണം പലിശയ്ക്കെടുത്താണ് ജോലികൾ പൂർത്തിയാക്കുന്നത്. കടക്കെണിയിൽ പെട്ട സെക്കന്തരാബാദിലെ ഒരു കരാറുകാരൻ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
റെയിൽവേ ബഡ്‌ജറ്റ് പൊതു ബഡ്‌ജറ്റിന്റെ ഭാഗമായതോടെയാണ് കാലക്കേട് ആരംഭിച്ചതെന്ന് കരാറുകാർ പറയുന്നു. ഫണ്ടിന്റെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.
# ഇന്ന് സൂചന പണിമുടക്ക്
25,000 കോടി രൂപ കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ റെയിൽവേയിലെ നിർമ്മാണ, വിതരണ, സേവന കരാറുകാരുടെ സംഘടനയായ ഇന്ത്യൻ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷൻ (ഐ.ആർ.ഐ.പി.എ ) അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നുണ്ട്. രാവിലെ പത്തിന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ധർണയിലും പ്രതിഷേധ മാർച്ചിലും സംസ്ഥാനത്തെ മുഴുവൻ കരാറുകാരും പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ അലക്സ് പെരുമാലിൽ, നജീബ് മണ്ണേൽ, കെ.വി.അനിൽകുമാർ, കെ.ആർ.ബൈജു, കെ.എ.ജോൺസൺ, ജേക്കബ്ബ് കുരുവിള എന്നിവർ പറഞ്ഞു.