കൊച്ചി: ചൂടും കൊതുകും മൂലം ഉറക്കമില്ലാത്ത രാത്രികളായിരുന്നു കുറച്ചുദിവസങ്ങളായി ജില്ലയിലുള്ളവർക്ക്. അതിനൊരു ആശ്വാസമായി വേനൽമഴ പെയ്തിറങ്ങിയ സന്തോഷത്തിലാണ് ജില്ല.
രണ്ടുദിവസമായി പെയ്യുന്ന മഴയിൽ ചൂടു കുറഞ്ഞു. മണ്ണ് നനഞ്ഞു. വേനൽമഴ രണ്ടുനാൾ കൂടി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. ഇതോടെ ചൂടിന്റെ അളവ് നിലവിലുള്ള 34-35 ഡിഗ്രി സെൽഷ്യസിൽ നിന്ന് കുറയും.
കടുത്ത പൊടിശല്യത്തിൽ നിന്നും വേനൽമഴ ആശ്വാസമേകും. വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണെന്ന സൂചനകൾ വേനൽ തുടങ്ങുംമുമ്പേ ലഭിച്ചിരുന്നു. മഴ കനിഞ്ഞില്ലെങ്കിൽ കുടിവെള്ളത്തിന്റെ കാര്യവും അവതാളത്തിലാകും.
അതേസമയം, രണ്ടുനാൾ കൂടി തുടരുന്ന വേനൽമഴ അതുകഴിഞ്ഞ് കുറച്ചുദിവസത്തേക്ക് മാറിനിൽക്കാനാണ് സാധ്യത. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇപ്പോൾ ലഭിക്കുന്ന വേനൽമഴയ്ക്ക് കാരണക്കാരായ മേഘങ്ങൾ രൂപീകരിക്കാൻ സഹായകരമായത്. ഈ മഴ മാറിയാൽ പിന്നീട് മാർച്ച് പകുതി വരെ വരണ്ട കാലാവസ്ഥയായിരിക്കും ജില്ലയിൽ.
മഴ തുടർന്നാൽ കൃഷി പച്ചപിടിക്കും
വേനൽമഴ തുടങ്ങിയതോടെ ജില്ലയിലെ കർഷകർക്കും ആശ്വാസമായി. വേനൽക്കാലത്തെ പച്ചക്കറി കൃഷി വളർന്നുതുടങ്ങുന്ന സമയമാണിത്. ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ്‌വർഗങ്ങളാണ് വേനൽകൃഷിയിലെ പ്രധാനഇനങ്ങൾ. പാടത്ത് നെൽകൃഷിയ്ക്ക് ശേഷം പയറു നടുന്ന സമയമാണ്. വേനൽമഴ മണ്ണിലെ ചൂടില്ലാതാക്കി കൃഷിക്ക് അനുയോജ്യമാക്കും.
മൂന്നോ നാലോ ദിവസം തുടർച്ചയായി മഴ പെയ്താൽ മാത്രമേ വെള്ളം മണ്ണിലേക്കിറങ്ങൂ. അങ്ങനെയെങ്കിലേ കൃഷിക്ക് ഉപകാരപ്പെടൂ. എങ്കിലും തളിർത്തുവരുന്ന ചെടികൾ വേനൽച്ചൂടിൽ കരിയാതിരിക്കാൻ ഇടവിട്ടെങ്കിലും പെയ്യുന്ന മഴ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ആരോഗ്യം നോക്കണം
വേനൽമഴ ചൂടിന് ആശ്വാസമേകുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും. പുതുമഴയുടെ ഗന്ധം ആസ്വദിക്കാൻ ചെന്നാൽ ശ്വസനസംബന്ധമായ രോഗങ്ങളുണ്ടാം. വരണ്ടുനിൽക്കുന്ന മണ്ണിൽ വെള്ളം വീഴുമ്പോൾ ജീവൻ വയ്ക്കുന്ന പ്രത്യേകതരം ഫംഗസുകളാണ് ചിലർക്ക് അലർജി ഉണ്ടാക്കുന്നത്. മാറി വരുന്ന ചൂടും മഴയും ജലദോഷം, ബ്രോങ്കൈറ്റിസ്, ചുമ പോലുള്ള അസുഖങ്ങളും ഉണ്ടാക്കാനിടയുണ്ട്.