മദ്യപിച്ച് ഡ്രൈവിംഗിന് 10,500 രൂപ പിഴ ഈടാക്കി തുടങ്ങി കോലഞ്ചേരി: മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാൽ എട്ടിന്റെ പണി. പൊലീസ് ചാർജ് ചെയ്യുന്ന കേസുകളിൽ കോടതി 10,500 രൂപ പിഴ ഈടാക്കി തുടങ്ങി. കോടതി പിരിയും വരെ ഒരു ദിവസത്തെ തടവും അനുഭവിക്കണം. നേരത്തെ ഇത് 2000 രൂപയായിരുന്നു. പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി ബില്ലിലാണ് പിഴ ഉയർത്തി​യത്. മറ്റു പിഴതുകകൾക്ക് സർക്കാർ കുറവ് വരുത്തിയെങ്കിലും മദ്യപിച്ചുള്ള ഡ്രൈവിംഗി​ന് ഇളവില്ല. ആവർത്തിച്ച് കു​റ്റം ചെയ്താൽ ലൈസൻസും വാഹനവും ഒരു വർഷത്തേക്ക് കണ്ടുകെട്ടും. മാത്രമല്ല ഒരു വർഷം ജയിൽ ശിക്ഷയും 20000 രൂപ പിഴയും ഒപ്പം അടക്കണം. മറ്റു മോട്ടോർ വാഹന നിയമ കേസുകൾക്ക് ചെറിയ ഇളവുകൾ നല്കുമെങ്കിലും മദ്യപിച്ചുള്ള ഡ്രൈവിംഗി​ന് ഒരു ഇളവുകളുമില്ല. കോലഞ്ചേരി കോടതിയിൽ കഴി​ഞ്ഞ ആഴ്ച എത്തി​യ ഈ കേസുകളി​ലെ പ്രതികൾക്കെല്ലാം 10500 രൂപ വീതം പിഴ ഈടാക്കിയിട്ടുമുണ്ട്.