പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കിലെ റേഷൻ കടകളിൽ മാസങ്ങളായി പച്ചരിയില്ല. 2019 ഒക്ടോബർ മുതലാണ് പച്ചരി ലഭിക്കാതായത്. ഇതോടെ റേഷൻ കടകളിൽ വരുന്നവരുടെ എണ്ണത്തിൽ 30 ശതമാനം കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ നാമമാത്രമായ തോതിലാണ് പച്ചരി കിട്ടുന്നത്. റേഷൻ കടകളിൽ എല്ലാ വിഭാഗം കാർഡുകൾക്കും പച്ചരി ലഭിച്ചിരുന്നു. താലൂക്കിൽ ഇപ്പോൾ വിതരണം ചെയ്യുന്നത് പുഴുക്കലരിയും കുത്തരിയുമാണ്. പച്ചരി ഇല്ലാത്തതിനാൽ പലരും കടകളിലേക്ക് വരുന്നില്ല. വെള്ള, നീല, കാർഡുകൾ പച്ചരി വാങ്ങുവാനാണ് മുൻതൂക്കം നൽകുന്നത്. പുറത്ത് കടകളിൽ പച്ചരിക്ക് 42 രൂപയോളം വില വരുന്നു. പക്കറ്റ് പൊടി വാങ്ങണമെങ്കിൽ കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിൽ കൊടുക്കണം. റേഷൻ അരി വാങ്ങി പൊടിച്ചാൽ 20 രൂപയ്ക്ക് കാര്യം കഴിയും. പുറത്തുനിന്ന് പായ്ക്കറ്റ് പൊടി വാങ്ങിയാലും കുടുംബ ബഡ്ജറ്റിൽ താളം തെറ്റും എന്നതാണ് അവസ്ഥ. റേഷൻ പച്ചരി കിട്ടാതായതോടെ പുറം മാർക്കറ്റുകളിൽ വൻ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എഫ് സി ഐ ഗോഡൗണുകളിൽ നിന്ന് പച്ചരി നൽകാത്തതുകൊണ്ടാണ് റേഷൻ കടകളിൽ എത്തിക്കാൻ കഴിയാത്തത്.
നിവേദനം നൽകി
ആദ്യം വരുന്ന സ്റ്റോക്ക് തീർത്തിട്ടേ അടുത്ത സ്റ്റോക്ക് നൽകൂ എന്ന നിലപാടാണ് ഫുഡ് കോർപ്പറേഷന്റേത്. അശാസ്ത്രീയമായ ഈ വിതരണ രീതിക്ക് മാറ്റം വരുത്തണമെന്നാണ് ആവശ്യമുയരുന്നത്. ഇതു സംബന്ധിച്ച് കേരള സ്റ്റേറ്റ് റീട്ടേൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് ഭാരവാഹികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്മന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസർക്കും നിവേദനം നൽകി.