കോലഞ്ചേരി: തെരുവ് നായകളെ വന്ധ്യകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പലയിടങ്ങളിലും ലക്ഷ്യം കണ്ടില്ല. ഇതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തത്തും പലയിടങ്ങളിലും പദ്ധതിക്കെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടായതോടും കൂടിയാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതി എങ്ങുമെത്താതെ പോയത്.
തെരുവുനായ്ക്കളെ ശസ്ത്ര ക്രിയ കേന്ദ്രത്തിലേക്കെത്തിക്കുകയും തുടർന്ന് ശസ്ത്ര ക്രിയയ്ക്കും തുടർപരിചരണത്തിനും ശേഷം അവയെ ആവാസ കേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
ചെങ്ങരയിൽ തെരുവു നായ്ക്കളുടെ ശല്ല്യം രൂക്ഷം
കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങര വാർഡിൽ ഒരാഴ്ചയ്ക്കിടെ രണ്ടു വീടുകളിലെ മൂന്ന് ആടുകളെയും രണ്ട് പശുക്കുട്ടികളെയും നായ്ക്കൂട്ടം കടിച്ചു കൊന്നു. പാറേപ്പീടിക പാറയിൽ അലിയാർ, വാത്യാപറമ്പത്ത് വാസുദേവൻ എന്നിവരുടെ വീടുകളിലെ മൃഗങ്ങളാണ് അക്രമത്തിനിരയായത്. കൂട്ടമായെത്തുന്ന നായ്ക്കൾ കാൽ നടയാത്രക്കാർക്കും, ഇരു ചക്ര വാഹന യാത്രകർക്കും ഭീഷണിയാണ്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അടഞ്ഞു കിടക്കുന്ന കടകൾക്കു മുന്നിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലുമാണ് തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കു നേരയും അക്രമവുമായെത്തുന്നുണ്ട്.
പദ്ധതി പേരിന് മാത്രം
എ.ബി.സി പദ്ധതി ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ നാളുകളായി പദ്ധതി പേരിനു മാത്രമാണ്. എ.ബി.സി പദ്ധതി പ്രകാരം പിടിച്ചെടുക്കുന്ന നായ്ക്കളെ വന്ധ്യം കരണം നടത്താതെ ഒരിടത്തു നിന്നും മറ്റൊരിടത്ത് ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്.കുന്നത്തുനാട് പൊലീസിൽ പരാതിയുമായെത്തി. പൊലീസിൽ ഇതിനു വകുപ്പില്ലെന്നറിയിച്ച ഉദ്യോഗസ്ഥർ പഞ്ചായത്തുമായി ബന്ധപ്പെടാനാണ് നിർദ്ദേശിച്ചത്.