കൊച്ചി: നവ കേരള നിർമ്മിതിക്കായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ അങ്കമാലി ഫിസാറ്റിൽ 6, 7, 8 തീയതികളിൽ നടക്കും. ആരോഗ്യം, സാമൂഹ്യ നീതി വകുപ്പുകളിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ. ആരോഗ്യ,സാമ്യൂഹ്യ നീതി വകുപ്പുകളുടെ പ്രാഥമിക പ്രശ്നങ്ങൾക്ക് മികച്ച പരിഹാരം നിർദേശിച്ച 30 ടീമുകളാണ് മത്സരിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും (അഡീഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം ) സംയുക്തമായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.
# മത്സരം ഇങ്ങനെ
സോഫ്റ്റ്‌വയർ ഉപയോഗപ്പെടുത്തിയിട്ടുള്ളതും അല്ലാത്തതുമായ എല്ലാ സാങ്കേതിക പരിഹാര മാർഗങ്ങളും മത്സരാർഥികൾക്ക് നിർദേശിക്കാം. ഈ വകുപ്പുകളിലെ ആറ് പ്രശ്‌നങ്ങളിൽ ഓരോ ടീമിനും താത്പര്യമുള്ള ഒന്ന് തിരഞ്ഞെടുത്ത് 36 മണിക്കൂറിനുള്ളിൽ പരിഹരിക്കണം. ഞായറാഴ്ചത്തെ ഫൈനലിൽ തിരഞ്ഞെടുക്കപ്പെട്ട 15 ടീമുകൾ പരിഹാര മാർഗങ്ങൾ അവതരിപ്പിക്കും. ആദ്യ മൂന്ന് ടീമുകൾക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കും. ഇവർ ഫൈനലിലെത്തും.
വെള്ളിയാഴ്ച രാവിലെ 8.30ന് അസി. കലക്ടർ മാധവി കുട്ടി ഉദ്ഘാടനം നിർവഹിക്കും. അസാപ് പ്രോഗ്രാം മാനേജർ ബിബിൻ ദാസ്, വിജിൽ കുമാർ, നിജാസ് ജ്യൂവൽ, ലിൻഷ എം, പി. അനിത, ബിജോയ് വർഗീസ്, ഷിൻടോ സെബാസ്റ്റ്യൻ, മഹേഷ് സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.