കൊച്ചി: മൂന്ന് മാസമായി മലയാളസിനിമയിൽ ഉയർന്ന് കേട്ട തർക്കത്തിന് ശുഭാന്ത്യം. നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഇന്നലെ കൊച്ചിയിൽ അമ്മ താര സംഘടനയും ഫെഫ്കയും നിർമ്മാതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകാൻ ഷെയ്ൻ തയ്യാറായതോടെയാണ് പ്രശ്നപരിഹാരമായത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവസാനവട്ട ചർച്ച.ഷെയിൻ നിഗം, ചിത്രീകരണം മുടങ്ങിയ സിനിമകളായ വെയിലിന്റെ സംവിധായകൻ ശരത്ത്, കുർബാനിയുടെ സംവിധായകൻ വി. ജിയോ ചർച്ചയിൽ പങ്കെടുത്തു.വെയിൽ ചിത്രീകരണം 12 ന് ഇരിങ്ങാലക്കുടയിൽ പുനരാരംഭിക്കും. 31 ന് കുർബാനിയും ആരംഭിക്കും. ഏപ്രിൽ 15ന് ശേഷമേ മറ്റു ചിത്രങ്ങൾ ഏറ്റെടുക്കൂ.
കുർബാനി സിനിമയ്ക്കായി ഷെയ്ൻ മുടിമുറിച്ചതിനെതുടർന്ന് വെയിലിന്റെ നിർമ്മാതാവ് ജോബി ജോർജുമായുള്ള തർക്കമാണ് നടന്റെ വിലക്കിലെത്തിച്ചത്. തർക്കം രൂക്ഷമായപ്പോൾ ഷൂട്ടിംഗ് സ്ഥലത്തുനിന്ന് ഇറങ്ങിപ്പോയ നടനെ നിർമ്മാതാക്കൾ വിലക്കി. ഷെയ്ൻ അഭിനയിച്ചിരുന്ന സിനിമകളുടെ ചിത്രീകരണം നിറുത്തിവച്ചു. ചർച്ചയ്ക്ക് അമ്മ പലതവണ മുൻകൈയെടുത്തെങ്കിലും പരിഹാരമായില്ല. പ്രതിഫലത്തർക്കത്തെ തുടർന്ന് ഷെയ്ൻ പാതിവഴിയിൽ നിറുത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന ആവശ്യവും നിർമ്മാതാക്കൾ മുന്നോട്ടുവച്ചു.
പ്രശ്നം മൂത്തതോടെ ഷെയ്‌നിന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ നഷ്ടപ്പെട്ടു. അമ്മ പ്രസിഡന്റ് മോഹൻലാൽ വിഷയത്തിൽ ഇടപെട്ട് ഇരുകൂട്ടരെയും ചർച്ചയ്ക്ക് സമ്മതിപ്പിക്കുകയായിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടൻ ജനുവരിയിൽ പൂർത്തിയാക്കി എന്നിട്ടും വിലക്ക് മാറ്റിയില്ല. കഴിഞ്ഞ ദിവസം ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് നടൻ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചത്. ഒരു ചിത്രത്തിന് 16 ലക്ഷം രൂപ വീതം നൽകുമെന്നാണ് വിവരം.
''നഷ്ടപരിഹാരം എത്രയാണെന്ന് പുറത്തു പറയുന്നില്ല. പ്രശ്നം പരിഹരിച്ചു. ഏപ്രിൽ 15 നുള്ളിൽ ഈ രണ്ട് ചിത്രങ്ങളും ഷെയിൻ പൂർത്തിയാക്കും.''
-ഇടവേള ബാബു
ജനറൽ സെക്രട്ടറി, അമ്മ