തോപ്പുംപടി: അരൂജാ സ്ക്കൂളിലെ 28 പത്താം ക്ളാസ് വിദ്യാർത്ഥികളും ഇന്നലെ സയൻസ് പരീക്ഷ എഴുതിയതിന്റെ ആഹ്ളാദത്തിലായിരുന്നു. രാവിലെ 8 മണിയോടെ രക്ഷിതാക്കൾ ഏർപ്പാടാക്കിയ മിനി ബസിലാണ് വൈറ്റില ടോക്ക് എച്ച് സ്ക്കൂളിൽ ഇവരെ പരീക്ഷയ്ക്കായി എത്തിച്ചത്. രാവിലെ 10.30 ന് തുടങ്ങിയ പരീക്ഷ ഒന്നരയ്ക്ക് സമാപിച്ചു. ഇനി 12,18 തിയതികളിൽ രണ്ട് പരീക്ഷകളും കൂടിയുണ്ട്. കഴിഞ്ഞുപോയ രണ്ടു പരീക്ഷകളും വീണ്ടും എഴുതാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും.

പുതിയ ഹാൾ ടിക്കറ്റ് സി.ബി.എസ്.ഇ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുത്താണ് കുട്ടികൾ എത്തിയത്.

അംഗീകാരമില്ലാത്തതിനെ തുടർന്നാണ് അരൂജ സ്കൂളിലെ കുട്ടികൾക്ക് പരീക്ഷ എഴുതാനാവാതെ പോയത്. തങ്ങൾക്ക് ഹാൾ ടിക്കറ്റ് ലഭിക്കില്ലെന്ന കാര്യം പരീക്ഷയുടെ തലേന്നാണ് ഇവർ അറിഞ്ഞത്. തുടർന്ന് വഞ്ചനാക്കുറ്റത്തിൽ സ്കൂൾ മാനേജരെയും പ്രിൻസിപ്പലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു പ്രകാരമാണ് കുട്ടികളെ പരീക്ഷ എഴുതിക്കാൻ സി.ബി.എസ്.ഇ തയ്യാറായത്.

മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്ത ദിവസം പൂട്ടിയ അരൂജ സ്ക്കൂൾ പിന്നീട് തുറന്നിട്ടില്ല. വിദ്യാർത്ഥികളെ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളിലാണ് രക്ഷിതാക്കൾ.