കൊച്ചി : മരടിലെ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ ഭഗവതി ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള മരട്, പൂണിത്തുറ എൻ.എസ്.എസ് കരയോഗങ്ങൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നും നാളെയുമായാണ് വെടിക്കെട്ട് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ നൽകിയ ഹർജിയിൽ അപേക്ഷ പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ജില്ലാ കളക്ടർ അപേക്ഷ തള്ളിയത്. ഇതിനെതിരെ എൻ.എസ്.എസ് കരയോഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്നലെ ദേവസ്വം ബെഞ്ച് അവധിയായിരുന്നതിനാൽ മറ്റൊരു ബെഞ്ചിലാണ് ഹർജി വന്നത്. തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റണമെന്ന് ഹർജിക്കാർ തന്നെ ആവശ്യപ്പെട്ടു. തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ഹർജി മാറ്റിയത്.