കൊച്ചി: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോതാട് നിവാസികൾ എറണാകുളത്ത് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു.കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് ധർണ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈജൻ നായാട്ടിൽ, കമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ടി.കെ. വിജയൻ , അലക്‌സ് ആട്ടുള്ളിൽ, സി.ജെ. ടോമി, ടി.എസ് സുനിൽ, ഇ.കെ. പുഷ്‌കരൻ എന്നിവർ പ്രസംഗിച്ചു.

ഗോശ്രീ ദ്വീപു വികസന പദ്ധതിയുടെ ഭാഗമായി കടമക്കുടി ഗ്രാമ പഞ്ചായത്തിന് മാത്രമായി നടപ്പാക്കിയ മുപ്പത്തടം പദ്ധതിയിൽ നിന്ന് വെള്ളം അനധികൃതമായി വഴിതിരിച്ചുവിട്ടതാണ് ക്ഷാമത്തിന് കാരണമായതെന്ന് കോതാട് നിവാസികൾ പറഞ്ഞു. 1,538 ലക്ഷം രൂപ ഗോശ്രീ ഫണ്ടിൽ നിന്ന് കടമക്കുടി കുടിവെള്ള പദ്ധതിയ്ക്ക് മാറ്റിവെച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാൻ പറ്റാത്തത് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.