ആലുവ: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അനുവദിച്ച 28 പോക്സോ കോടതികളിൽ ആലുവയിലേത് മാർച്ച് 31നകം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലായി. സീനത്ത് തീയറ്ററിന് എതിർവശത്തെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
പുതിയ കോടതികളുടെ ചുമതലയുള്ള ജില്ലാ ജഡ്ജി കൗസർ എടപ്പറത്ത് കഴിഞ്ഞ ശനിയാഴ്ച്ച കെട്ടിടം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കെട്ടിട ഉടമയുമായി കരാർ ഉണ്ടാക്കി ഇന്റീരിയർ ജോലികൾ ഉൾപ്പെടെയുള്ള ടെൻഡർ നടപടിതുടങ്ങി. പൊതുമരാമത്ത് വകുപ്പും കിറ്റ്കോ, നിർമ്മിതി എന്നീ സർക്കാർ ഏജൻസികളും നടപടിയാരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാരാണ് പോക്സോ കോടതിക്ക് പണം അനുവദിച്ചിട്ടുള്ളത്. മാർച്ച് 31നകം കോടതി പ്രവർത്തനം ആരംഭിക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശമുണ്ട്.അനുവദിച്ച പണം നഷ്ടമാകുമെന്ന സാഹചര്യമായതിനാലാണ് തിരക്കിട്ട് സ്വകാര്യ കെട്ടിടത്തിൽ പോക്സോ കോടതിക്ക് സൗകര്യമൊരുക്കുന്നത്. 200 ചതുരശ്ര അടി സ്ഥലം കെട്ടിടത്തിലുണ്ട്.
ആലുവ കോടതി പ്രവർത്തിക്കുന്ന സ്ഥലത്ത് 12 കോടി രൂപ ചെലവിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ കെട്ടിടം പൂർത്തിയാകുന്നതോടെ പോക്സോ കോടതിയും ഇവിടേക്ക് മാറ്റും. താത്കാലികമെന്ന നിലയിലാണ് സ്വകാര്യ കെട്ടിടത്തിൽ കോടതി ആരംഭിക്കുന്നത്. 80,000 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ചു നില കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്. നിലവിലുള്ള രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയും താത്ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റുന്നതിനായുള്ള ശ്രമം നടക്കുന്നുണ്ട്.
മാർവർ കവലയിലുള്ള നഗരസഭ കെട്ടിടവും മാർക്കറ്റ് ഭാഗത്തെ സ്വകാര്യ കെട്ടിടവുമാണ് പരിഗണനയിലുള്ളത്. നഗരസഭ കെട്ടിടത്തിലെ മാലിന്യം നീക്കിയാൽ ഇവിടേക്ക് മാറ്റുന്നതിനാണ് ബന്ധപ്പെട്ടവർക്ക് കൂടുതൽ താത്പര്യം. എന്നാൽ മാലിന്യം നീക്കുന്നതിൽ നഗരസഭ വിമുഖത കാണിക്കുകയാണ്.. നിലവിൽ ജില്ലയിൽ എറണാകുളത്ത് മാത്രമാണ് പോക്സോ കോടതിയുള്ളത്.
12 കോടി രൂപ ചെലവിൽ പുതിയ കോടതി സമുച്ചയം
പോക്സോ കോടതിയും ഇവിടേക്ക് മാറ്റും
ആലുവക്ക് പുറമെ പെരുമ്പാവൂരിലും പോക്സോ കോടതി അനുവദിച്ചിട്ടുണ്ട്.