കരാറുകാരുടെ കുടിശിക തീർക്കാനും നടപടി
ആലുവ: തകർന്ന് തരിപ്പണമായി കിടക്കുന്ന പൈപ്പ് ലൈൻ റോഡ് നവീകരിക്കുന്നതിന് മന്ത്രി അനുമതി നൽകിയിട്ടും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ വിലങ്ങുതടിയായി നിൽക്കുന്നുവെന്ന് അൻവർ സാദത്ത് എം.എൽ.എആരോപിച്ചു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.
നിയമസഭയിൽ ഇന്നലെ ചോദ്യോത്തര വേളയിലാണ് അൻവർ സാദത്ത് എം.എൽ.എ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഫണ്ട് നൽകാൻ താൻ ഉൾപ്പെടെയുള്ള എം.എൽ.എമാരും ജില്ലാ പഞ്ചായത്തും തയ്യാറായെങ്കിലും നിർമ്മാണത്തിന് എൻ.ഒ.സി നൽകാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. എൻ.ഒ.സി ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ വാട്ടർ അതോറിറ്റിയിൽ നിന്നും എൻ.ഒ.സി ലഭിച്ചിട്ടില്ലെന്നും എം.എൽ.എ ആരോപിച്ചു.
കുടിവെള്ള പെപ്പുപൊട്ടി ജനങ്ങൾക്ക് വെള്ളം കിട്ടാത്ത സാഹചര്യമാണ്. തങ്ങൾക്കുള്ള കുടിശിശിക ബിൽ തുകകൾ കിട്ടാതെ പുതിയ ജോലികൾ ഏറ്റെടുക്കുകയില്ലെന്ന നിലപാടിലാണ് അറ്റകുറ്റ പണികൾ നടത്തുന്ന കരാറുകാർ. കാർമ്മൽ ആശുപത്രിയുടെ പരിസരത്ത് കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം ലഭിക്കാത്ത കാര്യം ബുധനാഴ്ച്ച നാട്ടുകാരിലൊരാൾ എം.എൽ.എയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി എക്‌സി.എൻജിനീയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കരാറുകാരുടെ സമരമാണ് പ്രശ്‌നമെന്ന് പറഞ്ഞു.
കരാറുകാരുടെ കുടിശിക തീർക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് ചെയ്തതുപോലെ ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്ത് പ്രശനം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.