കിഴക്കമ്പലം: പട്ടിമറ്റം പോസ്റ്റ് ഓഫീസിലേയ്ക്ക് കയറുന്നവർ സൂക്ഷിക്കുക, പിടി വിട്ടാൽ തെന്നി വീഴും. ടൗണിലെ കുന്നത്തുനാട് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ളെക്സിലെ ഒന്നാം നിലയിലാണ് പോസ്റ്റ് ഓഫീസ്. ഇതിനു തൊട്ടു മുകളിലെ നിലയിൽ ടൈൽ വിരിക്കാനായി ഇറക്കിയ മെറ്റലും, മണലും മുകളിലേയ്ക്ക് കയറ്റുന്നതിനിടയിൽ പോസ്റ്റ് ഓഫീസിലേയ്ക്ക് കയറുന്ന ഗോവണിയിൽ ചിതറി കിടക്കുകയാണ് .ഇതേ തുടർന്ന് പോസ്റ്റ് ഓഫീസിലേയ്ക്ക് പോകുന്നവർ തെന്നി വീഴുന്നത് പതിവായി. ടൈലിന്റെ പണി പൂർത്തിയാക്കി കരാറുകാരൻ പോയി. എന്നാൽ പണിക്കു വേണ്ടി ഗോവണി വഴി കയറ്റുമ്പോൾ വീണ മെറ്റലും മണലും എടുത്തു മാറ്റി വൃത്തിയാക്കാൻ തയ്യാറായിട്ടില്ല. പോസ്റ്റൽ സംബന്ധമായ ആവശ്യങ്ങൾക്കെത്തുന്ന പ്രായമായവരാണ് തെന്നി വീഴുന്നതിലധികം. സമീപത്തെ കാർ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് പ്രായമായവർ വീഴാതെ കൈത്താങ്ങാകുന്നത്. കൂടാതെ പണിയ്ക്കായി ഇറക്കിയ ശേഷം വന്ന കവറുകളും മറ്റു മാലിന്യങ്ങളും ഷോപ്പിംഗ് കോംപ്ളെക്സിനു മുന്നിൽ ഉപേക്ഷിച്ച നിലയിലുമാണ്. ഇത് എടുത്ത് മാറ്റാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.