ആലുവ: പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ സംസ്ഥാനത്തെമ്പാടും പുതിയ ജിഷമാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് അഡ്വ. എ. ജയശങ്കർ പറഞ്ഞു.
വാളയാറിലെ ദളിത് ദരിദ്ര പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥൻ അട്ടിമറിച്ചെന്നാരോപിച്ച് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിൻെറ നേതൃത്വത്തിൽ എറണാകുളം റൂറൽ പൊലീസ് ജില്ലാ ആസ്ഥാനത്തേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ സമാജം പ്രസിഡൻറ് ബിന്ദു ശിവശങ്കർ അദ്ധ്യക്ഷയായിരുന്നു. രാവിലെ മഹാത്മ ഗാന്ധി സ്‌ക്വയറിൽ നിന്നും എറണാകുളം മഹിളാസമാജത്തിൻെറ ആഭിമുഖ്യത്തിൽ റെയിൽവേ സ്‌ക്വയറിൽ നിന്നും രണ്ട് റാലിയായാണ് എസ് പി ഓഫീസിന് സമീപമെത്തിയത്.
ടൗൺഹാളിന് മുന്നിൽ പ്രൊഫ. പി.ജെ. ജയിംസും റെയിൽവേ സ്റ്റേഷന് മുന്നിൽ സുശീല രവിയും ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപം മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു. വാളയാർ, പുതുശേരി പഞ്ചായത്ത് മെമ്പർ ബാലമുരളി, സി.ആർ. നീലകണ്ഠൻ, ലൈല റഷീദ്, രജിത തുടങ്ങിയവർ സംസാരിച്ചു.