കൊച്ചി : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം കാക്കനാട് നിലം പതിഞ്ഞമുകൾ രാജഗിരി വാലിയിൽ എം.എം. അൻവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

താൻ നിരപരാധിയാണെന്നും കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ്, മഹേഷ് എന്നിവർ ചേർന്ന് തന്നെ ബലിയാടാക്കുകയാണെന്നും ഹർജിയിൽ പറയുന്നു. സിംഗിൾബെഞ്ച് പൊലീസിനോടു വിശദീകരണം തേടി. ഹർജി മാർച്ച് 12 ന് വീണ്ടും പരിഗണിക്കും.

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്തര ലക്ഷം രൂപ അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ അൻവറിന്റെ അക്കൗണ്ടിലേക്ക് വന്നിരുന്നു. ഇതിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിൻവലിച്ചു. സംഭവം വിവാദമായതോടെ തുക തിരിച്ചടച്ചു. പ്രളയ ദുരിതം ബാധിക്കാത്ത നിലംപതിഞ്ഞ മുകൾ മേഖലയിലെ താമസക്കാരനായ അൻവറിന് ദുരിതാശ്വാസ ധനസഹായം ലഭിച്ചതിൽ സഹകരണ ബാങ്ക് അധികൃതർ ഉന്നയിച്ച സംശയമാണ് തട്ടിപ്പു പുറത്തു വരാൻ കാരണമായത്.

പാലക്കാട്ടെ കോഴിഫാമിലെ ആവശ്യത്തിനായി ഒരു സുഹൃത്ത് തനിക്ക് പത്തു ലക്ഷം രൂപ തരുമെന്നും ആദായ നികുതി പ്രശ്നങ്ങൾ ഉള്ളതിനാൽ അൻവറിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ അനുവദിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഹർജിക്കാരൻ പറയുന്നു. ഇതനുസരിച്ച് അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ തന്റെ അക്കൗണ്ട് നമ്പർ നൽകി. 2019 നവംബർ 11 ന് തന്റെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് ലക്ഷം രൂപ പിൻവലിച്ച് മൂന്നു തവണയായി മഹേഷിന് നൽകി. പിന്നീട് ഫെഡറൽ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് വന്നതായി അറിഞ്ഞു.

ഇൗ തുക സർക്കാരിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് പണം വന്നതെന്നും വിഷ്ണു പ്രസാദാണ് പണം നിക്ഷേപിച്ചതെന്നും അറിഞ്ഞു. തുടർന്ന് മഹേഷിൽ നിന്ന് പണം വാങ്ങി ജില്ലാ കളക്ടറെ രണ്ടു തവണ കണ്ട് തുക തിരിച്ചടച്ചു.

വിഷ്ണുപ്രസാദും മഹേഷും ചേർന്നാണ് തട്ടിപ്പു നടത്തിയത്. തന്നെയും പ്രതി ചേർത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ.