ആലുവ: റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തയ്യാറാക്കിയ ഫ്ളെക്സ് ബോർഡിൽ നിന്നും തന്റെ ചിത്രം ഒഴിവാക്കിയെന്നാരോപിച്ച് പഞ്ചായത്തംഗം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ചൂർണിക്കര പഞ്ചായത്ത് 17 -ാം വാർഡ് മെമ്പർ പി.കെ. യൂസഫാണ് ഇറങ്ങിപ്പോയത്.
30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഗ്രാന്റ് ഫ്രഷ് റോഡ് 16,17,18 വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് രണ്ട് വാർഡ് മെമ്പർമാരുടെയും ചിത്രം ഫ്ളെക്സിൽ ഉൾപ്പെടുത്തിയെങ്കിലും ഇടതു പക്ഷ സ്വതന്ത്ര അംഗമായ യൂസഫിനെ അവഗണിച്ചു. പഞ്ചായത്തിൽ നേരത്തെ രണ്ട് അവിശ്വാസ പ്രമേയ ചർച്ച നടന്നപ്പോഴും ഇടതുപക്ഷത്തിന് എതിരായ നിലപാടാണ് യൂസഫ് സ്വീകരിച്ചത്. ഇതേതുടർന്ന് ഭൂരിപക്ഷമുണ്ടായിട്ടും ആറ് മാസം ഇടതുപക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.