കൊച്ചി: പാട ശേഖരങ്ങളിൽ മേയാൻ വിടുന്ന ഉരുക്കളെ തട്ടിയെടുത്ത് വില്പന നടത്തുന്ന ഇറച്ചി വെട്ടുകാരനെ മൂവാറ്റുപുഴ പൊലീസ് പിടി കൂടി. മൂവാറ്റുപുഴ കക്കടാശേരി എള്ളൂമലയിൽ ഷമീറി (29)നെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്.
രണ്ടു സംഘാംഗങ്ങളെ കൂടി പിടി കൂടാനുണ്ട്. മാറാടിയിൽ നിന്നും രണ്ടു പോത്ത്, മേക്കടമ്പിൽ നിന്ന് ഒരു പശുവും,മൂരിയും വാളകം ആവുണ്ടയിൽ നിന്ന് രണ്ടു പോത്തുകളും മോഷ്ടിച്ചതായാണ് മൊഴി. പോത്താനിക്കാട്, കോതമംഗലം സ്റ്റേഷനതിർത്തികളിൽ സമാനമായി മോഷണം നടത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ മാംസ വില്പന മാർക്കറ്റിലെ വിവിധ സ്റ്റാളുകളിൽ തൊഴിലാളിയായിരുന്നു ഇയാൾ. പകൽ ബൈക്കിൽ കറങ്ങി ഉരുക്കളെ മേയാൻ വിട്ട സ്ഥലങ്ങൾ കണ്ടെത്തും. വൈകിട്ട് ഉടമയെത്തി അഴിച്ചു കൊണ്ടു പോകുന്ന സമയം വരെ കാത്തിരുന്ന് ഉരുക്കളെ കെട്ടുന്ന സ്ഥലവും മനസിലാക്കും, പുലർച്ചെ ബൈക്കിലെത്തി ഉരുവിനെ അഴിച്ച് റോഡിലൂടെ നടത്തി മാർക്കറ്റിലെത്തിച്ച് വില്ക്കുകയാണ് രീതി. നടത്തി കൊണ്ടു വരുമ്പോൾ തലേന്ന് വില പറഞ്ഞ് ഉറപ്പിച്ചതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണിത്. മേക്കടമ്പിൽ നിന്നും മോഷണം പോയ ഉരുക്കളുടെ ഉടമകൾ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ദേശീയ പാതയിലെ വിവിധ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഒടുവിൽ നടന്ന മോഷണത്തിനു ശേഷം അടിമാലിയ്ക്ക് കടന്നിരുന്നു. പിന്നീട് ഊന്നുകല്ലിലെ ഇറച്ചി കടയിൽ ജോലിക്കാരനായി എത്തിയതറിഞ്ഞ പൊലീസ് സംഘം അവിടെ നിന്നുമാണ് പിടി കൂടിയത്. കേസന്വേഷണത്തിന് എസ്.ഐ ടി.എം സൂഫി, എ.എസ്.ഐ മാരായ പി.സി ജയകുമാർ, ഷിബു, സി.പി.ഒ വിപിൻ മോഹൻ എന്നിവരാണ് നേതൃത്വം നല്കിയത്.