തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക നേതാവ് കാക്കനാട് നിലംപുതുവിൽ വീട്ടിൽ നിധിൻ (30) ഭാര്യ ഷിന്റു (27) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2018ലെ പ്രളയ ദുരന്ത ഫണ്ട് തട്ടി​യെടുത്തെന്ന കേസി​ലാണ് അറസ്റ്റ്.

പ്രളയഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതി​ന് അറസ്റ്റിലായ എറണാകുളം കളക്ടറേറ്റി​ലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദാണ് നിധിന്റെ ഭാര്യയുടെ കാക്കനാട് ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.

വിഷ്ണുവിന്റെ കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്. നിധിന്റെ ഭാര്യക്ക് ചെക്ക് ബുക്ക് ഉണ്ടായിരുന്നില്ല. ഷി​ന്റു രണ്ടര ലക്ഷം രൂപ പിൻവലിച്ച് വി​ഷ്ണുവി​നും മഹേഷി​നും കൈമാറുകയായി​രുന്നു. ഒരു രൂപ പോലും ഇവരി​ൽ നി​ന്ന് കൈപ്പറ്റി​യി​ട്ടി​ല്ലെന്നും പ്രളയ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയാണ് അക്കൗണ്ടിൽ എത്തിയതെന്ന് അറി​ഞ്ഞി​ല്ലെന്നും നി​ധി​നും ഷി​ന്റുവും പൊലീസി​ന് മൊഴി​ നൽകി​.

നിധിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ പാർപ്പിച്ചത്. ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രസാദിന്റെ കൂട്ടുപ്രതികളായ മഹേഷിനെയും, അൻവറിനെയും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അൻവർ ഹൈക്കോടതി​യി​ൽ മുൻകൂർ ജാമ്യ ഹർജി​ സമർപ്പി​ച്ചി​ട്ടുണ്ട്.

നിധിനെ സി​.പി​.എം സസ്‌പെന്റ് ചെയ്തു

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസി​ൽ അറസ്റ്റിലായ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എൻ.എൻ നിധിനെ പാർട്ടിയി​ൽ നിന്നും സസ്‌പെന്റ് ചെയ്തു. ഇന്നലെ അടിയന്തിരമായി ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലാണ് തീരുമാനം.