പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കാക്കനാട് സിവിൽ ലൈൻ റോഡിൽ മാധവം വീട്ടിൽ മഹേഷ്.ബി ഇന്നലെ രാത്രി തൃക്കാക്കര പൊലീസിൽ കീഴടങ്ങി. രണ്ടാം പ്രതിയാണ്.

പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണു പ്രസാദിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് മഹേഷ്.
കലക്ടറേറ്റിനു സമീപം താമസിക്കുന്ന കോഴി ഫാം ഉടമ ബി.മഹേഷ് ആണ് ഫണ്ട് തട്ടിപ്പു ഗൂഢാലോചനയുടെ സൂത്രധാരൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പണം തട്ടിയെടുക്കാമെന്ന സൂചന വിഷ്ണുവിൽ നിന്നു ലഭിച്ചപ്പോൾ തന്നെ മഹേഷ് പദ്ധതി തയാറാക്കി. സിപിഎം സസ്പെൻഡ് ചെയ്ത ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവറിനെയും സിപിഎമ്മിന്റെ തന്നെ മറ്റൊരുനേതാവായ നിധിനെയും ഉൾപ്പെടുത്തിയതു മഹേഷാണ്.
ഇന്നലെ അറസ്റ്റിലായ നിധിന്റെ ഭാര്യയുടെ ദേനാ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് മഹേഷ് നേരിട്ട് വന്ന് തുക പിൻവലിക്കുകയായിരുന്നു. ഇതു ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.