കൊച്ചി: നഗരത്തിൽ വീടെന്ന സ്വപ്‌നം നൂറുക്കണക്കിന് ആളുകൾക്ക് സഫലമാക്കിയത് എ.ആർ.എസ്. വാദ്ധ്യാരായിരുന്നു. നിമിഷങ്ങൾക്കകം വളർച്ചയുടെ പടവുകൾ കയറുന്ന കൊച്ചിയിൽ ഒരു ചെറിയ വീടെന്ന ആഗ്രഹം കൊച്ചിയിലെത്തിയ ആർക്കുമുണ്ടാകും. അവരിലേക്കാണ് സാമ്പത്തിക തലസ്ഥാനത്തിരുന്ന് യശോറാം ബിൽഡേഴ്സ് എന്ന പ്രസ്ഥാനത്തേ വാദ്ധ്യാർ അടുപ്പിച്ചത്.

ചെറിയ ചെലവിൽ ഫ്ളാറ്റ് നൽകുമ്പോഴും നിലവാരത്തിൽ ഒരു വിട്ടു വീഴ്ചയ്‌ക്കും കർശക്കാരനായ എൻജിനിയറായ വാദ്ധ്യാർ തയ്യാറായിരുന്നില്ല. ആ കെട്ടിടങ്ങൾ കൊച്ചി നഗരത്തിന് തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്. കോൺക്രീറ്റ് സൗധങ്ങൾ എങ്ങനെ പ്രകൃതിയുമായി സമരസപ്പെടാമെന്ന് കാണിച്ചു തന്നു. എറണാകുളം കോൺവെന്റ് റോഡിലെ യശോറാം എന്ന ആസ്ഥാനത്തെ കെട്ടിടത്തിന് മുകളിൽ നിറയെ നാളികേരവുമായി വിളങ്ങി നിൽക്കുന്ന തെങ്ങുകൾ ആ കഥ പറയും. കാറ്റത്ത് ആടിയുലഞ്ഞ തെങ്ങുകൾ ഇന്നും അദ്ഭുതമായി നിൽക്കുന്നത് സാധാരണക്കാർക്കല്ല, എൻജിനിയർമാരെയാണ് ഞെട്ടിച്ചത്. ബാക്കിയുള്ള സ്ഥലത്ത് മറ്റ് ഫല വൃക്ഷാദികളും. ഈ വീട്ടിലേക്ക് പുറത്തു നിന്ന് പച്ചക്കറികൾ വാങ്ങിയിരുന്നേയില്ല. എല്ലാം ടെറസിൽ പടർന്നു പന്തലിച്ചിരുന്നു.

കുറഞ്ഞ വിലയ്‌ക്ക് ഫ്ളാറ്റുകൾ നൽകുമ്പോഴും കൊച്ചിയുടെ സംസ്കാരത്തിന് അനുസരിച്ച് ആഡംബരത്തിലേക്കും അവർ പോയി. ഒപ്പം വീടില്ലാത്തവർക്കായി യശോറാം ചാരിറ്റബിൾ ട്രസ്‌റ്റ് കൈതാങ്ങായി ഉദയം കൊണ്ടു. പ്രകൃതിയും പച്ചക്കറി കൃഷിയുമായിരുന്നു വാദ്ധ്യാരുടെ ഇഷ്ട വിനോദം. അതിനായി കേരളകൗമുദിയുടെ കൈപിടിച്ച് നഗരത്തിലെ സ്‌കൂളുകളിൽ ഹരിതകേരളം എന്ന പദ്ധതി നടപ്പാക്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകൻ. നഗരത്തിലെ നൂറിലധികം സ്‌കൂളുകളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു. വിദ്യാർത്ഥികൾ വീട്ടിലുയർത്തിയ കൃഷി തോട്ടത്തിൽ മികച്ചതിന് നേരിട്ട് സമ്മാനം നൽകുകയും ചെയ്‌തു. ജൈവ പച്ചക്കറി കൃഷി എന്ന സങ്കൽപ്പത്തിന് എത്രയോ മുമ്പെന്ന് ഓർക്കണം. ആകാശ ഫ്ളാറ്റെന്ന പദ്ധതി ഉൾപ്പെടെ നിരവധി കാര്യങ്ങൾ സർക്കാരിൽ സമർപ്പിച്ചെങ്കിലും പലതും നടക്കാതെ പോയത് വാദ്ധ്യാരുടെ സ്വകാര്യ സങ്കടമായിരുന്നു.

എറണാകുളം പനങ്ങാട് ചേപ്പനത്തായിരുന്നു എ.ആർ.എസ്.വാദ്ധ്യാരുടെ ജനനം. കേരള പബ്ളിക്ക് ഹെൽത്ത് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ എൻജിനിയറായിരുന്നു. വാട്ടർ അതോറിട്ടിയുടെ പഴയ രൂപം. 1965 ൽ അന്നത്തെ മന്ത്രിയുടെ അനുവാദത്തോടെ സ്വകാര്യ വർക്കുകൾ ചെയ്യാൻ തുടങ്ങി. 1977ൽ ജോലി രാജിവച്ച് യശോറാം ബിൽഡേഴ്സ് രൂപീകരിച്ചു. അന്ന് തുടങ്ങിയ പ്രസ്ഥാനത്തിന്റെ മുദ്ര നഗരത്തിൽ എത്തുന്നവർക്ക് കാണാം. ഒന്നു നോക്കിക്കോളൂ, യശോറാം ബിൽഡേഴ്സ്.

മൃതദേഹം അമൃത ആശുപത്രിക്ക്

എ.ആർ.എസ്. വാദ്ധ്യാരുടെ മൃതദേഹം അമൃത മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് നൽകും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു ഇത്. ഇന്ന് വൈകിട്ട് നാലിന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷമാണ് ആ ആഗ്രഹം സഫലീകരിക്കുക.