കൊച്ചി: പ്രോസ്‌ട്രേറ്റ് വീക്കം മൂലം അഞ്ചുവർഷമായി യാതന അനുഭവിക്കുന്ന രോഗിക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ മോചനം. ചാവക്കാട് സ്വദേശിയായ ഷംസുദ്ദീന്റെ പ്രോസ്‌ട്രേറ്റ് ഗ്രന്ഥിയാണ് റിനൈ മെഡ്‌സിറ്റിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. സുഷിരങ്ങളൊന്നുമില്ലാതെ എൻഡോസ്‌കോപ്പിക് രീതിയിലൂടെയാണ് 324 സിസി ഭാരമുണ്ടായിരുന്ന ഗ്രന്ഥി നീക്കിയത്.

ആശുപത്രിയിലെ യൂറോളജി, ആൻഡ്രോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ളാന്റേഷൻ വിഭാഗം മേധാവി ഡോ. സന്ദീപ് പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രീയ. ഇത്രയും വലിയ പ്രോസ്‌ട്രേറ്റ് ഗ്രന്ഥി എൻഡോസ്‌കോപ്പിക് രീതിയിലൂടെ നീക്കം ചെയ്യുന്നത് കേരളത്തിലാദ്യമാണെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹോൾമിയം, തൂലിയം എന്നീ ലേസർ സാങ്കേതിക വിദ്യകളുപയോഗിച്ച് ഹാലെപ് എന്ന നൂതന ശസ്ത്രക്രിയ രീതിയാണ് റിനെ മെഡിസിറ്റിയിൽ നടന്നത്. പ്രോസ്റ്റേറ്റ് ശസ്ത്രകിയക്ക് ഏറ്റവും മികച്ചതും നൂതനവുമായ ഹാലെപ് ശസ്ത്രക്രിയാരീതി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച ഡോ. സന്ദീപ് പ്രഭാകരന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ നീണ്ടു ശസ്ത്രക്രി​യയിൽ യൂറോളജിസ്റ്റുമാരായ ഡോ. യൂനസ്, ഡോ. ആന്റണി, അനസ്‌തെറ്റിസ്റ്റ് ഡോ. അബ്രഹാം ചെറിയാൻ എന്നിവരും പങ്കെടുത്തു. കൂടാതെ ഷംസുദീന്റെ മൂത്രാശയത്തിൽ നിന്ന് ശസ്ത്രക്രിയ കൂടാതെ ആറ് കല്ലുകളും നീക്കം ചെയ്തു. ചികിത്സക്കു ശേഷം ഒരാഴ്ചക്കകം പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിടാൻ സാധിച്ചുവെന്ന് ഷംസുദീൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, വൈസ് പ്രസിഡന്റ് സിജോ.വി.ജോസഫ്, യൂറോളജി വിഭാഗം മേധാവി ഡോ.സന്ദീപ് പ്രഭാകരൻ എന്നിവർ പങ്കെടുത്തു.