പനങ്ങാട്: നാല് പതിറ്റാണ്ടോളം കേരളത്തിന്റെ നാടക - കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ച സുന്ദരൻ പനങ്ങാട് (എം.കെ. സുന്ദരൻ, 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ.
കർഷക തൊഴിലാളി കുടുംബാംഗമായ സുന്ദരൻ 17-ാം വയസിൽ രചിച്ച ആദ്യ നാടകം 'സേതുബന്ധനം" സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫഷണൽ നാടക കമ്പനിക്കാർ സുന്ദരനെ തേടിയെത്തി. ആലുവ യവനികയ്ക്ക് വേണ്ടി എഴുതിയ 'അനന്തശയനം" സംസ്ഥാന അവാർഡ് നേടി.
ഒഴുക്കിനെതിരെ, സ്വപ്നം കൊണ്ട് തുലാഭാരം, സന്ദേശം, സിന്ധുഭൈരവി, സ്വർണതിടമ്പ്, നാഷണൽ ഹൈവേ, വരദാനം, ദൈവത്തിന്റെ കോടതി, കമ്മ്യൂണിറ്റി ഹെൽത്ത്സെന്റർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഇനിയുമൊരു ജന്മമുണ്ടങ്കിൽ, നാലാംയാമം എന്നീ നോവലുകളും വർഷമേഘങ്ങൾ, സ്നേഹപൂർവം സേതു എന്നീ ടെലി തിരകഥകളും എഴുതി. 92ൽ കൊച്ചിൻ സിത്താര എന്ന സ്വന്തം നാടക ട്രൂപ്പ് ഉണ്ടാക്കി ഇന്ത്യയെങ്ങും
നാടകങ്ങൾ അവതരിപ്പിച്ചു.
ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. ബി.ആർ. അംബേദ്കർ പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ്, കാലടി സർവകലാശാല അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മൃഗ സംരക്ഷണവകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് വിരമിച്ചത്.
കുമ്പളങ്ങി തുണ്ടപ്പറമ്പിൽ കുടുംബാംഗം ഉഷയാണ് ഭാര്യ. മക്കൾ: സേതുനാഥ്, മീര (സിത്താര).
മരുമക്കൾ: സീന (അദ്ധ്യാപിക), ലിനിൽ (യു.എസ്.എ).