കൊച്ചി: കേരള കോൺഗ്രസ് (ജേക്കബ് ) പാർട്ടിയെ പിരിച്ചു വിട്ടതായി ചെയർമാൻ ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസിൽ പർട്ടി ലയിക്കുന്ന സമ്മേളനം നാളെ എറണാകുളത്ത് നടക്കും.താൻ ചെയർമാനായ പാർട്ടിക്കാണ് കേരള കോൺഗ്രസ് (ജേക്കബ് ) എന്ന രജിസ്ട്രേഷൻ. പാർട്ടി പിരിച്ചു വിട്ടതായി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. അനൂപ് ജേക്കബിന് ഇനി കേരള കോൺഗ്രസ് (ജേക്കബ് ) എന്നവകാശപ്പെടാൻ നിയമപരമായി കഴിയില്ല. സംസ്ഥാന സമിതിയിലെ 17 ൽ 10 അംഗങ്ങളും 10 ജില്ലാ കമ്മിറ്റികളും തനിക്കൊപ്പമാണ്.
നാളെ വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനത്ത് ചേരുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോർജ് ജോസഫ് ലയന പ്രമേയം അവതരിപ്പിക്കും. കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, മോൻസ് ജോസഫ് , കെ.എ. ഫിലിപ്പ്, സി. മോഹനൻ പിള്ള, ജോയി എബ്രഹാം, ടി.യു. കുരുവിള തുടങ്ങിയവർ പ്രസംഗിക്കും.
'ഒറ്റ കേരള കോൺഗ്രസെന്ന കെ.എം. മാണിയുടെയും ടി.എം. ജേക്കബിന്റെയും അന്ത്യാഭിലാഷ പ്രകാരമാണ് ലയനം. അനുകൂല നിലപാട് സ്വീകരിച്ച അനൂപ് ജേക്കബ് പിന്നീട് മലക്കം മറിഞ്ഞു. വ്യക്തിപരമായി എനിക്കെതിരെ ആരോപണങ്ങൾ അനൂപ് ജേക്കബ് ആവർത്തിച്ചാൽ പലതും വെട്ടിത്തുറന്നു പറയേണ്ടിവരും'.
-ജോണി നെല്ലൂർ
ചെയർമാൻ