കൊച്ചി: എറണാകുളം ജനറലാശുപത്രിയിലെത്തുന്ന പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്നു ധന്വന്തരി സർവീസ് സൊസൈറ്റി. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മരുന്നുശാല, ആംബുലൻസ്, മൊബൈൽ ഫ്രീസർ, ടീ സ്റ്റാൾ, ഫോട്ടോ സ്റ്റാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ഈ സേവനങ്ങൾക്ക് പൂട്ടിടാനുള്ള ശ്രമത്തിലാണ് സർവീസ് സൊസൈറ്റി. പട്ടികജാതി വർഗ്ഗത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ 34 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സർവീസ് സംഘടനയാണ് ധന്ത്വന്തരി സർവീസ് സൊസൈറ്റി.
ജനറൽ ആശുപത്രിയോട് ചേർന്ന് ഒരു ടീ സ്റ്റാളാണ് ആദ്യം തുടങ്ങിയത്. പിന്നീട് മരുന്നുശാല, ആംബുലൻസ്, മൊബൈൽ ഫ്രീസർ, ഫോട്ടോസ്റ്റാറ്റ് എന്നിങ്ങനെ സേവനങ്ങൾ വളർന്നു. ലാഭത്തിലാകാൻ തുടങ്ങിയപ്പോൾ സർക്കാരിൽ നിന്നുള്ള ഫണ്ട് വാങ്ങാതെയായി. ഫാർമസിയിൽ നിന്ന് മാത്രം രണ്ടുലക്ഷം രൂപ വരുമാനമുണ്ടാക്കുന്നുണ്ട് . ജില്ലാ കളക്ടർ, മെഡിക്കൽ സൂപ്രണ്ട് തുടങ്ങി ഒമ്പതംഗ ബോർഡംഗങ്ങളും തൊഴിലാളി പ്രതിനിധികളും മൂന്നുമാസം കൂടുമ്പോൾ യോഗം ചേരുകയും വർഷാവസാനം ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുകയും രജിസ്ട്രേഷൻ പുതുക്കുകയും വേണമെന്നായിരുന്നു ചട്ടം. എന്നാൽ, ആ പതിവുകൾ അവസാനിച്ചു. രാജമാണിക്യം കളക്ടർ ആയിരുന്നപ്പോഴാണ് ഒടുവിൽ ബോർഡംഗങ്ങൾ യോഗം ചേർന്നത്. പട്ടികജാതി വർഗ്ഗവിഭാഗത്തിൽ നിന്ന് ഒരാൾ പോലും ബോർഡിൽ അംഗമല്ലാതിരുന്നതിനാൽ യോഗം കൂടാറില്ലെന്നത് തൊഴിലാളികൾ അറിഞ്ഞതുമില്ല. ഇക്കാര്യം അറിഞ്ഞപ്പോൾ പലതവണ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രശ്നങ്ങൾ അനവധി
ധന്വന്തരി ആരംഭിച്ചപ്പോൾ 25 സ്റ്റാഫുണ്ടായിരുന്നിടത്ത് ഇപ്പോൾ 18 പേർ മാത്രമാണുള്ളത്. മൂന്ന് ജോലിക്കാരൊഴികെ ബാക്കിയുള്ളവരെല്ലാം പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. രണ്ട് ആംബുലൻസിന് ഒരു ഡ്രൈവർ മാത്രം. തുടങ്ങിയ കാലത്ത് കൊടുത്തിരുന്ന 200 രൂപ മാത്രമാണ് ഇപ്പോഴും തൊഴിലാളികളുടെ വേതനം. വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും യോഗം ചേരുമ്പോൾ തീരുമാനിക്കാമെന്നായിരുന്നു മറുപടി. യോഗമാകട്ടെ, ചേരാറുമില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഗവർണർ, ആരോഗ്യമന്ത്രി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകി. തുടർന്ന് വെൽഫെയർ ഓഫീസർ അന്വേഷണത്തിനെത്തി. എന്നാൽ പരിസരത്തെ മാലിന്യം മാറ്റുകയും കെട്ടിടം പെയിന്റ് ചെയ്തതുമല്ലാതെ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കപ്പെട്ടില്ല.
കൂട്ടധർണ
ജനറൽ ആശുപത്രിയുടെ സ്പെഷ്യാലിറ്റി വിഭാഗത്തിനായി കവാടം ആവശ്യമാണെന്നും അതിനായി ധന്വന്തരി സേവനങ്ങൾ നൽകുന്ന കെട്ടിടം പൊളിച്ചുമാറ്റുമെന്ന ഭീഷണി നേരിടുകയാണ് ഇപ്പോൾ തൊഴിലാളികൾ. ഒരിക്കൽ പൊളിച്ചുമാറ്റിയാൽ പിന്നീട് ഇത് ഉയർന്നുവരില്ലെന്ന് ഇവർക്കുറപ്പുണ്ട്. ഇതിനെതിരെ അയ്യൻകാളി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 12ന് ജനറൽ ആശുപത്രിക്ക് മുന്നിൽ കൂട്ടധർണ നടത്തും. രാവിലെ 10ന് ആചാര്യ എം.കെ കുഞ്ഞോൽ ധർണ ഉദ്ഘാടനം ചെയ്യും.
ആവശ്യങ്ങൾ
ബോർഡ് മീറ്റിംഗ് കൃത്യമായി കൂടുക
ബോർഡിൽ പട്ടിക ജാതി-വിഭാഗ പ്രാതിനിധ്യം ഉറപ്പാക്കുക
തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കുക
ജീവനക്കാരുടെ ഒഴിവ് നികത്തുക
പുതിയ യൂണിറ്റുകൾ ആരംഭിക്കുക
നിലവിലുള്ള യൂണിറ്റുകൾ വിപുലീകരിക്കുക
ഞങ്ങൾ പിന്നാക്കവിഭാഗത്തിൽ നിന്നായതുകൊണ്ടാണോ കളക്ടർ ഉൾപ്പെടെയുള്ള ബോർഡംഗങ്ങൾക്ക് ഈ നിലപാട് എന്ന് തോന്നിപ്പോകുന്നു. ഈ സൊസൈറ്റി ഇല്ലാതാക്കി സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ട്.
രവീന്ദ്രൻ,എറണാകുളം ജില്ലാ സെക്രട്ടറി കേന്ദ്രീയ ധന്വന്തരി സേവ്സംഘ്