കൊച്ചി: ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം വാതിൽതട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന തുതിയൂർ കുന്നിച്ചിറവീട്ടിൽ പ്രകാശന്റെ മകൻ ആകാശ് അപകടനില തരണംചെയ്തു. കൃത്രിമ തലയോട്ടി വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയക്ക് വിധേയനായ ആകാശ് സാധാരണ ഭക്ഷണം കഴിക്കുകയും പരസഹായത്തോടെ നടക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂറോസർജൻ ഡോ. ടി.കെ. ജയരാജൻ പറഞ്ഞു.
ഇന്നലെ (വ്യാഴം) എറണാകുളം മെഡിക്കൽ സെന്ററിലെ തീവ്രപരിചരണവിഭാഗത്തിൽ ആകാശ് പന്ത്രണ്ടാം പിറന്നാൾ അച്ഛൻ പ്രകാശൻ, അമ്മ സഹിത, സഹോദരൻ അശ്വിൻ എന്നിവർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ന്യൂറോ സർജൻ ഡോ. ടി.കെ. ജയരാജൻ, ശിശുരോഗ വിദഗ്ദരായ ഡോ.എം. സുമ, ഡോ. ആർ. ശ്രീവിദ്യ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ഡിസംബർ 23 ന് മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാൻ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാക്കനാട്ട് സ്വകാര്യ ബസ് ഡ്രൈവർ വാതിൽ തുറന്നപ്പോൾ തട്ടിയാണ് ആകാശിന്റെ തലയുടെ ഇടതുഭാഗം തകർന്നത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ആകാശ് ഒരാഴ്ചയിലധികം വെന്റിലേറ്ററിൽ കഴിഞ്ഞശേഷമാണ് ജീവിതത്തിലേയ്ക്ക് വീണ്ടും മടങ്ങിയത്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതുൾപ്പെടെ തുടർചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.