പറവൂർ: പറവൂർ താലൂക്ക് ഭരണഘടന സംരക്ഷണ സമിതി നാളെ സംഘടിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമ പ്രതിരോധ ശൃംഖലയിൽ നിന്നും എസ്.എൻ.ഡി.പി യോഗവും സി.പി.എമ്മും എൻ.എസ്.എസും പിൻമാറി. ചില മതതീവ്രവാദ സംഘടന നേതാക്കൾ സംഘാടക സമിതിയിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതിരോധ ശൃംഖല വിവാദത്തിലായിരുന്നു.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരെ മുൻ തീരുമാനത്തിന് വിരുദ്ധമായി ഉൾപ്പെടുത്തിയതിനാൽ സി.പി.എം അംഗങ്ങൾ സമിതിയിൽ നിന്നും രാജിവെയ്ക്കുകയാണെന്ന് ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അറിയിച്ചു.
നായർ സർവീസ് സൊസൈറ്റിയും (എൻ.എസ്.എസ്) പിൻമാറി. അനുവാദം കൂടാതെ എൻ.എസ്.എസ് പറവൂർ കരയോഗം യൂണിയൻ പ്രസിഡന്റ് എം. ജിനീഷ് കുമാറിന്റെ പേര് നോട്ടീസിൽ ഉൾപ്പെടുത്തിയതിൽ കരയോഗം യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു. സമിതിയുടെ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് എം. ജിനീഷ് കുമാർ പറഞ്ഞു.
ന്യൂനപക്ഷ വർഗീയ സംഘടനകളെയും സമിതിയിൽ ഉൾപ്പെടുത്തിയിൽ പ്രതിഷേധിച്ച് ജനതാദൾ എസ് സമിതിയിൽ നിന്നും രാജിവെയ്ക്കുന്നതായി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. ശിവദാസൻ അറിയിച്ചു.
സമിതിയുമായി ഒരു ബന്ധവുമില്ല: ഹരിവിജയൻ
പറവൂർ താലൂക്ക് ഭരണഘടനാ സംരക്ഷണ സമിതി നാളെ (ശനി) നടത്തുന്ന പ്രതിരോധ ശൃംഖലയിലും സമ്മേളനത്തിലും നിന്നും പിൻമാറുന്നതായി പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ അറിയിച്ചു. അനുവാദം കൂടാതെയാണ് തന്റെ പേര് ഉൾപ്പെടുത്തിയത്. സമ്മേളനത്തിൽ ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന മഹത്തായ സന്ദേശം നൽകിയ ഗുരുദേവ ദർശനം വഴികാട്ടുന്ന എസ്.എൻ.ഡി.പി യോഗത്തിന് ഇത്തരം സമരങ്ങളിൽ പങ്കുചേരാനാവില്ല. സമിതിയുടെ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയിൽ നിന്നും പിൻമാറുന്നതായി ഹരി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.
ആരോപണച്ചുഴിയിൽ ഭരണഘടന സംരക്ഷണ സമിതി
പൗരത്വ ഭേദഗതി നിയമത്തിനും കേന്ദ്ര സർക്കാരിനും എതിരെ രൂപീകരിച്ച പറവൂർ താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയെകുറിച്ച് നിരവധി ആരോപണങ്ങൾ ഉയരുന്നു. കഴിഞ്ഞ 28നാണ് പറവൂരിലെ വിവിധ മുസ്ളീം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. ക്ഷണമുണ്ടായിട്ടും
എതാനും സംഘടനകളുടെ പ്രതിനിധികൾ മാത്രമാണ് എത്തിയത്. ചെയർമാനായി സി.പി.എം നേതാവ് കെ.എ. വിദ്യാനന്ദനെയും കൺവീനറായി മഹല്ല് കമ്മിറ്റിയിൽ നിന്നും കെ.ബി. കാസിമിനെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിൽ കെ.എ. വിദ്യാനന്ദൻ അടക്കം സി.പി.എം നേതാക്കളും പങ്കെടുത്തു. നോട്ടീസ് പുറത്തിറക്കിയതോടെയാണ് സംഘാടകരുടെ പൂർണ്ണമായ ചിത്രം വ്യക്തമായത്. ചില തീവ്രവാദ സംഘടന നേതാക്കളെ ഉൾപ്പെടുത്തിയതോടെ സി.പി.എം പരിപാടിയിൽ നിന്നും പിൻമാറി. പിന്നാലെ എസ്.എൻ.ഡി.പിയും എൻ.എസ്.എസും പിൻമാറി.
സി.പി.ഐ മണ്ഡലം സെക്രട്ടറി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇതു ചർച്ച ചെയ്യാൻ ഇന്ന് സി.പി.ഐ മണ്ഡല കമ്മിറ്റി ചേരുന്നുണ്ട്.
സമിതി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് വിളിച്ച പത്രസമ്മേളനം രണ്ടു തവണ മാറ്റിവച്ചു.