കോലഞ്ചേരി: മണ്ണിനെ അറിയാൻ മൊബൈലു മതി. മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്ക് സഹായകമാവുന്ന മാം (MAM) ആപ്പ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്തു. ആപ്പുമായി ഒരാൾ നിൽക്കുന്നിടത്തെ മണ്ണിന്റെ പോഷകനില മനസിലാക്കുവാനും അതിനനുസരിച്ച് വള പ്രയോഗം നടത്തുവാനും ഇനി സ്മാർട്ട് ഫോൺ സഹായിക്കും.പ്രളയം മൂലം ഒലിച്ചു പോയ ഫലഭൂയിഷ്ടമായ മേൽ മണ്ണ് തിരിച്ചെടുക്കാനും ആപ്പു വഴി കഴിയും.സോയിൽ ഹെൽത്ത് കാർഡിനായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങൾ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് കർഷകർക്ക് വേണ്ടി വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാവുന്നത്. ഇതിലൂടെ മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്ക് ഇനി നെട്ടോട്ടമോടേണ്ട. കേരളത്തിലെ കാർഷിക മേഖല സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്ളെ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺ ലോഡ് ചെയ്യാം
ആപ്പ് ഉപയോഗിക്കാം
കൈകുമ്പിളിൽ ഒരു പിടി മണ്ണിൽ ചെടി വളരുന്ന ചിത്രമാണ് ആപ്പിന് നൽകിയിരിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം കൃഷിയിടത്തിൽ പോയി ജി.പി.എസ് ഓണാക്കി ആപ്പ് തുറന്നാൽ മണ്ണിന്റെ പോഷക നില പരിശോധിക്കുക എന്ന് കാണാം. അതിൽ അമർത്തിയാൽ ആ സ്ഥലത്തുള്ള മണ്ണിലെ ഓരോ മൂലകത്തിന്റെയും പോഷകനില സ്‌ക്രീനിൽ തെളിയും. ഇതിന് ശേഷം വള ശുപാർശ എന്നതിൽ അമർത്തിയാൽ, വിള തെരെഞ്ഞെടുക്കുക എന്ന നിർദേശവും കാണാം. അതിൽ നമുക്ക് ആവശ്യമുള്ള വിള തെരഞ്ഞെടുത്താൽ അതിന് ആ സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്റെയും രാസവളത്തിന്റെയും കൃത്യമായ അളവ് ലഭിക്കും.
കർഷകർക്കുള്ള ഗുണങ്ങൾ
കൃഷിയിടത്തിലെ മണ്ണിന്റെ ഗുണനിലവാരം മനസിലാക്കാനും, ഓരോ വിളവിനും വേണ്ട മൂലകങ്ങളും തിരിച്ചറിഞ്ഞ് വളപ്രയോഗം നടത്താനും കഴിയും. കൂടാതെ ലാബ് വഴിയുള്ള മണ്ണ് പരിശോധനമൂലം നേരിടുന്ന കാലതാമസം ഒഴിവാക്കാം. മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രധാന മൂലകങ്ങളുടെയും കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും അമ്ലതയുടെ നിലവാരം എന്നിവ കർഷകർക്ക് മൊബൈൽ വഴി അറിയാം. നെല്ല്, വിവിധ പച്ചക്കറികൾ, കുരുമുളക് തുടങ്ങി 21 ഇനം വിളകൾക്കാവശ്യമയ മണ്ണിന്റെ വിവരങ്ങൾ ആപ്പിലുണ്ട്. മണ്ണിന്റെ നിലവാരത്തിനനുസരിച്ച് കേരള കാർഷിക സർവകലാശാല നിർദ്ദേശിച്ച വളപ്രയോഗങ്ങളാണ് കർഷകർക്ക് ഇതിലൂടെ ലഭിക്കുക.