കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പല പ്രാവശ്യം കുറുപ്പംപടി വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ, പെരുമ്പാവൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും ഇതുവരെയും നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുയരുകയാണ്. മേതല പ്രദേശത്ത് കല്ലിൽ ക്ഷേത്രത്തിന്റ ഭാഗത്ത് നിലവിൽ വാട്ടർ ടാങ്കുണ്ട്. കീഴില്ലം ഭാഗത്തു നിന്നും വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ജലവിതരണം നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുകയാണ്. നിലവിൽ മേതല അംബേദ്കർ ഭാഗത്തുള്ള ടാങ്കിലേയ്ക്ക് അശമന്നൂർ, നെല്ലിക്കുഴി, പായിപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയുടെ ഭാഗത്തുനിന്ന് മുളവൂർ പോഴാലി ഭാഗത്ത് നിർമ്മിച്ച ടാങ്കിലേക്ക് വെള്ളമടിച്ച് കയറ്റി അവിടെ നിന്നാണ് അശമന്നൂർ, നെല്ലിക്കുഴി, പായിപ്ര ഭാഗത്തേയ്ക്ക് വെള്ളം എത്തിക്കുന്നത്. അശമന്നൂർ പഞ്ചായത്തിലും, കല്ലിൽ ക്ഷേത്രത്തിന്റെ ഭാഗത്തുള്ള ടാങ്കിലും വെള്ളം കൃത്യമായി എത്തിച്ച് വിതരണം ചെയ്യാൻ കഴിയുന്നില്ല. അശമന്നൂർ പഞ്ചായത്തിന്റെ ഭാഗമായ നമ്പേലി കോളനിയിൽ വർഷങ്ങളായി വെള്ളം എത്താറില്ലെന്ന് ഇവിടുത്തുകാർ പറയുന്നു. പഞ്ചായത്തിൽ ഒരോ വർഷം കഴിയുന്തോറും വാട്ടർ കണക്ഷനുകൾ കൂടിവരുകയാണ്. ജലക്ഷാമത്തെക്കുറിച്ച് പലവട്ടം ജനപ്രതിനിധികളോട് പറഞ്ഞിട്ടും ഇതുവരെ പരിഹാരം കണ്ടില്ല. ഈ പരാതികളെല്ലാം ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് എൻജിനീയറേയും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറേയും പൊതുപ്രവർത്തകനായ എ.എം. മക്കാർ നേരിൽകണ്ട് പരാതി നൽകിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമത്തിനുള്ള പരിഹാരം കാണണമെന്നും, ഫണ്ട് ഇല്ലായെങ്കിൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വേണ്ടസഹായം ഉണ്ടാകണമെന്നുമാണ് ഇവിടുത്തുകാരുടെ ആവശ്യം.