theerthapada-mandapam-

കൊച്ചി: തിരുവനന്തപുരത്ത് ശ്രീവിദ്യാധിരാജ സഭയുടെ ഉടമസ്ഥതയിലായിരുന്ന തീർത്ഥപാദ മണ്ഡപം സർക്കാർ ഏറ്റെടുത്ത വിഷയത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. തീർത്ഥപാദ മണ്ഡപം പിടിച്ചെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭ സെക്രട്ടറി ഡോ.ആർ. അജയ് കുമാറും ശ്രീവിദ്യാധിരാജ സഭയും നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഭൂമി പതിച്ചു നൽകൽ നിയമ പ്രകാരം 1976 ൽ സഭയ്ക്ക് കൈമാറിയ 'പാത്രക്കുളം' എന്ന് അറിയപ്പെട്ടിരുന്ന 65 സെന്റ് സ്ഥലം സർക്കാർ തിരിച്ചുപിടിച്ചത് അന്യായമാണെന്ന് ഹർജിയിൽ പറയുന്നു. ചട്ടമ്പിസ്വാമിയുടെ സ്മാരകവും കമ്മ്യൂണിറ്റി ഹാളും സഭ നിർമ്മിച്ചതാണ്. 2007 മുതൽ സ്ഥലം തിരിച്ചു പിടിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29ന് സഭയ്ക്ക് ഭൂമി കൈമാറിയ നടപടി റദ്ദുചെയ്ത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. രാത്രി പത്തരയോടെ പൊലീസ് ബന്തവസിൽ എ.ഡി.എമ്മിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ ഗേറ്റ് തകർത്ത് കയറി തീർത്ഥപാദ മണ്ഡപവും സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തതായി ഹർജിയിൽ പറയുന്നു.

എതിർകക്ഷികളായ സംസ്ഥാന സർക്കാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കലക്ടർ, തഹസീൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഇവരിൽ നിന്ന് വിശദീകരണവും തേടി.