കൊച്ചി: കോതമംഗലം ചെറിയ പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സുപ്രീം കോടതി ഉത്തരവിൽ പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാൻ നിർദേശമില്ലാത്തതിനാൽ 2019 ഡിസംബർ മൂന്നിലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടർ, ആർ.ഡി.ഒ, ഡിവൈ.എസ്.പി, സി.ഐ എന്നിവർ നൽകിയ അപ്പീൽ ഹർജിയിലാണ് ഉത്തരവ്. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്‌സ് വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സിംഗിൾ ബെഞ്ച് ഇന്നലെ വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് ഉത്തരവിനെ തുടർന്ന് മാറ്റി.
പള്ളിയും സെമിത്തേരിയും പിടിച്ചെടുക്കാനാവില്ലെന്നും ഇടവകാംഗങ്ങളുടെ ആചാരപരമായ അവകാശങ്ങൾ നിലനിറുത്തണമെന്ന കെ.എസ് വർഗീസ് കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നുമാണ് അപ്പീൽ ഹർജിക്കാരുടെ വാദം.
വികാരിക്ക് ചടങ്ങുകൾ നടത്താമെന്നല്ലാതെ ഇടവകക്കാരെ ഒഴിവാക്കാൻ സുപ്രീം കോടതി ഉത്തരവിലില്ല. ഇടവകാംഗങ്ങളുടെ അവകാശങ്ങളും സംസ്‌കാര ചടങ്ങുകളും നിഷേധിക്കാനാവില്ല. മലങ്കരസഭാ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരെ എങ്ങനെ കണ്ടെത്തണമെന്നും വികാരി ആരെന്നു പറയണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം. പള്ളിയും സ്വത്തുക്കളും ഏറ്റെടുക്കാനുള്ള പദ്ധതി ജില്ലാ കളക്ടർ എസ്. സുഹാസ് മുദ്ര വെച്ച കവറിൽ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.