പറവൂർ : ഭവനനിർമ്മാണത്തിനും കൃഷിക്കും മുൻതൂക്കം നൽകി പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അവതരിപ്പിച്ചു. 33 കോടി രൂപ വരവും 32.97 കോടി രൂപ ചെലവും 2.34 ലക്ഷം രൂപ മിച്ചവും വരുന്നതാണിത്.
ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി 82.86 ലക്ഷം വകയിരുത്തി. കൃഷിക്ക് മുൻതൂക്കം നൽകി തരിശ് രഹിത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും. കയർ ഭൂവസ്ത്രം ഉപയോഗിച്ച് പുഴകളുടെ സൈഡ് കെട്ടി സംരക്ഷിക്കും.ഇതിനായി 25 ലക്ഷം രൂപയുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ഊണ് നൽകുന്ന അഞ്ച് ഭക്ഷണശാലകൾ തുറക്കുന്നതിന് 15 ലക്ഷം രൂപയും ദുരന്തനിവാരണ സേനയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് രണ്ട് ലക്ഷം രൂപയും പൊക്കാളി കൃഷിക്ക് പുറമെ ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതിക്കായി 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ:യേശുദാസ് പറപ്പിള്ളി അധ്യക്ഷനത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. അംബ്രോസ്, ഗീതാ പ്രതാപൻ തുടങ്ങിയവരും പങ്കെടുത്തു.