police

നെടുമ്പാശേരി: കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘം ചേരുകയും ആർപ്പുവിളിക്കുകയും ചെയ്ത 75 ഓളം പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പീച്ചാട്ടുകുന്നേൽ വീട്ടിൽ നിബാസ് (25), കല്ലോത്തറ വീട്ടിൽ മുഹമ്മദ് അഫസൽ (21), അല്ലപ്ര പള്ളിക്കൂടത്തിങ്കൽ ഫരീതുൻ ഷംസുദീൻ (28) എന്നിവരെ സി.ഐ വി.എസ്. ബൈജു അറസ്റ്റുചെയ്തു.

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട് തിരിച്ചെത്തിയ കാലടി ശ്രീശങ്കരകോളേജ് അദ്ധ്യാപകൻ ഡോ. രജിത്കുമാറിനെ സ്വീകരിക്കാനെത്തിയവരാണ് കുടുങ്ങിയത്. ആലുവ സെൻട്രൽ ബാങ്കിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് എത്തിയെങ്കിലും രജിത്കുമാറിനെ കണ്ടെത്താനായില്ല.

തിരുവനന്തപുരത്ത് നിന്ന് ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച്ച രാത്രി പത്തോടെ കൊച്ചിയിലെത്തിയ രജിത്കുമാറിന് ആഭ്യന്തര ടെർമിനലിന് പുറത്താണ് ഫാൻസുകാർ വരവേല്പ് നൽകിയത്. ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു. കൊച്ചുകുട്ടികളുമായി എത്തിയവരുമുണ്ടായിരുന്നു.

സ്വീകരണം സംബന്ധിച്ച് അവസാനനിമിഷം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും നെടുമ്പാശേരി പൊലീസ് കാര്യമാക്കിയിരുന്നില്ല. അതിനാലാണ് സംഘം ചേരാനായതെന്ന് ആക്ഷേപമുണ്ട്. വിമാനത്താവളത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ യാത്ര അയയ്ക്കാൻ എത്തുന്നവരുടെയും സ്വീകരിക്കാനെത്തുന്നവരുടെയും എണ്ണം പരമാവധി കുറയ്ക്കണമെന്ന നിർദേശവും അധികൃതർ നൽകിയിരുന്നു.