കൊച്ചി:പ്രമോഷനുകൾ നിഷേധിക്കപ്പെട്ടത് ലഭ്യമാക്കുക, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രസിദ്ധീകരിക്കുക, അർഹരായ തൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകം ടാക്‌സ് എംപ്ലോയീസ് ഫെഡറേഷന്റെയും ഇൻകം ടാക്‌സ് ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷന്റെയും സമരൈക്യ പ്രസ്ഥാനമായ ജോയിന്റ് കൗൺസിൽ ഒഫ് ആക്ഷൻ സമരത്തിലേക്ക്. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന് കത്തു നൽകിയതായി ഭാരവാഹികൾ പറഞ്ഞു. സി.ബി.ഡി.ടി ബോർഡിന്റെ നിഷേധാത്മക സമീപനത്തിൽ മാറ്റമുണ്ടാവാതിരിക്കുകയും പ്രശ്‌നങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ 12 മുതൽ ഇൻകം ടാക്‌സ് സർവേ, സേർച്ച് തുടങ്ങിയവയിൽ പങ്കെടുക്കില്ലെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐ.ടി.ഇ.എഫ് ജനറൽ സെക്രട്ടറി കെ.എ റഷീദ്, ഐ.ടി.ജി.ഒ.എ ജന. സെക്രട്ടറി വി.എം ജയദേവൻ, പി.ഐ ബിജു, ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.