കാത്തിരുന്നത് വർഷങ്ങൾ
കൊച്ചി: വർഷങ്ങളുടെ കാത്തിരുപ്പിന് ശേഷം ഇടപ്പള്ളി റെയിൽവേ അടിപ്പാത നിർമ്മാണത്തിന് അനുമതിയായി.ഈ മാസം ഏഴിന് ഹൈബി ഈഡൻ എം.പി നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.
ചരിത്രം
ഇടപ്പള്ളി മേല്പാലം യാഥാർത്ഥ്യമായതോടെ 2012ലാണ് ഇടപ്പള്ളി ചേരാനല്ലൂർ പഴയ റോഡിലെ റെയിൽവേ ഗേറ്റ്
അടയ്ക്കുന്നത്. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അമൃത ആശുപത്രിയിലേക്ക് ദിവസേന പോകുന്നവർക്കും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നു. ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയും വളരെ ദൂരത്തിലായി. പ്രദേശവാസികൾ ഭൂമിശാസ്ത്രപരമായി വിഭജിച്ച് പോയി. ഇതോടെയാണ് അടിപ്പാത എന്ന ആവശ്യം ശക്തമായത്.
2016 ൽ തുടക്കം
2016-17 സാമ്പത്തിക വർഷത്തിലാണ് അന്ന് എം.എൽ.എയായിരുന്ന ഹൈബി ഈഡനും തൃക്കാക്കര
എം.എൽ.എ പി.ടി. തോമസും ആസ്തി വികസന ഫണ്ടിൽ നിന്നും യഥാക്രമം 1.16 കോടിയും 1.25 കോടിയും
അനുവദിച്ചു. അന്ന് എം.പി ആയിരുന്ന പ്രൊഫ.കെ.വി. തോമസ് എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും
അനുവദിച്ചു. റയിൽവേയുടെ എൻജിനീയറിംഗ് വിഭാഗം നടത്തേണ്ട പ്രവൃത്തിയായതിനാൽ തുക മുൻകൂറായി അടക്കേണ്ടി വന്നു. റെയിൽവേയ്ക്ക് തുക കൈമാറിയതിന് ശേഷവും സാങ്കേതിക പ്രശ്‌നങ്ങൾ മൂലം പദ്ധതി വീണ്ടും വൈകി.
വിഷയം പാർലമെന്റിൽ
ഒടുവിൽ ഹൈബി ഈഡൻ എം.പി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. മൺസൂൺ കാലമായതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കഴിയാതിരുന്നതെന്നും അമിതമായ വെള്ളക്കെട്ട് ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും ജനുവരിയിൽ പദ്ധതി ആരംഭിക്കുമെന്നും കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ്
ഗോയൽ ഹൈബി ഈഡൻ എം.പിക്ക് മറുപടി നല്കി. നിർമ്മണത്തിനാവശ്യമായ ഗർഡറുകൾ വിട്ടു നല്കണമെന്നും പദ്ധതി പ്രദേശത്ത് ട്രെയിനിന്റെ വേഗത കുറയ്ക്കുന്നതിന് നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി തിരുവനന്തപുരത്ത് ഡിവിഷണൽ റയിൽവേ മാനേജരുമായി ചർച്ച നടത്തി.. ഇതോടെ സതേൺ റയിൽവേ ജനറൽ മാനേജർ ഈ മാസം ഏഴിന് നിർമ്മാണം തുടങ്ങാമെന്ന് അറിയിക്കുകയായിരുന്നു
. 64 ദിവസം
പദ്ധതി ആരംഭിച്ച് 64 ദിവസം കാെണ്ട് പൂർത്തീകരിക്കുന്ന രീതിയിലാണ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ എം.എൽ.എമാരായ ടി.ജെ വിനോദ്, പി.ടി തോമസ്, വി.കെ ഇബ്രാഹിംകുഞ്ഞ്, മുൻ എം.പി
പ്രൊഫ.കെ.വി.തോമസ്, ഡപ്യൂട്ടി മേയർ കെ.ആർ പ്രേംകുമാർ, റയിൽവേ അധികൃതർ തുടങ്ങിയവർ
പങ്കെടുക്കും.